ജയ്പൂർ: രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കണമെന്ന പ്രമേയം ഐക്യകണ്ഠ്യേന പാസാക്കി രാജസ്ഥാൻ കോൺഗ്രസ് നേതൃത്വം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് പ്രമേയം കൊണ്ടുവന്നത്. കോൺഗ്രസ് അധ്യക്ഷനായി ഉയർന്ന് കേട്ട പേരുകളിലൊന്നായിരുന്നു ഗെഹ്ലോട്ടിന്റേത്. രാജസ്ഥാൻ പി.സി.സി യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
പാർട്ടിയുടെ നേതൃത്വം രാഹുൽ ഏറ്റെടുക്കണമെന്ന പ്രമേയം ആദ്യമായി പാസാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. മറ്റ് സംസ്ഥാന നേതൃത്വങ്ങളും വൈകാതെ ഇത്തരം പ്രമേയം പാസാക്കുമെന്ന് വാർത്തകൾ. സെപ്റ്റംബർ 24 മുതൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നടപടിക്രമം തുടങ്ങാനിരിക്കെയാണ് നീക്കം.
അതേസമയം, യോഗത്തിൽ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ് പങ്കെടുത്തിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഡൽഹിയിലായതിനാലാണ് പൈലറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് വിവരം. നിരവധി നേതാക്കൾ രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്ത് വരണമെന്ന അഭിപ്രായം പാർട്ടിയിൽ പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ, വീണ്ടും പ്രസിഡന്റ് പദത്തിലേക്ക് ഇല്ലെന്ന നിലപാടാണ് രാഹുൽ സ്വീകരിക്കുന്നതെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് 2019ലാണ് രാഹുൽ അധ്യക്ഷപദം ഒഴിഞ്ഞത്. തുടർന്ന് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷപദം ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.