ഷാജഹാൻപുർ: ആൾദൈവം ആശാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസിൽ ജോധ്പുർ പ്രത്യേക എസ്.സി, എസ്.ടി കോടതി വിധി പ്രഖ്യാപിക്കാനിരിക്കെ, ഇരയുടെ വീടിന് പൊലീസ് കാവൽ ശക്തിപ്പെടുത്തി. ആശാറാമിെൻറ ക്രൂരതകൾ പുറത്തുവന്നതോടെ 2012ലാണ് പൊലീസ് കേസെടുത്തത്. ഇരയായ പെൺകുട്ടിയുടെ കുടുംബത്തിനുള്ള സുരക്ഷ തുടർച്ചയായി വിലയിരുത്തുന്നുണ്ടെന്നും വീട്ടിൽ അഞ്ചു പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് സൂപ്രണ്ട് ദിനേശ് ത്രിപാഠി പറഞ്ഞു. കോടതി വിധി ഉടൻ പുറത്തുവരുന്ന സാഹചര്യത്തിലാണിത്.
ജോധ്പുർ കോടതി ജഡ്ജി മധുസൂദനൻ ശർമ ഇൗ മാസാദ്യം പ്രോസിക്യൂഷെൻറയും പ്രതിഭാഗത്തിെൻറയും അന്തിമ വാദം കേട്ട ശേഷം, ഏപ്രിൽ 25ന് വിധി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ജോധ്പുരിനു സമീപം മനായി ഗ്രാമത്തിലെ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആശാറാം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശിനിയായ പെൺകുട്ടി ആശ്രമത്തിലാണ് താമസിച്ചിരുന്നുത്. ‘പോക്സോ’ നിയമം ചുമത്തിയാണ് അറസ്റ്റ്. 2013 ആഗസ്റ്റ് 31 മുതൽ ഇയാൾ ജയിലിലാണ്. ശിക്ഷിക്കപ്പെട്ടാൽ 10 വർഷം വരെ തടവ് ലഭിക്കും. കോടതിയിൽ പൂർണവിശ്വാസമുണ്ടെന്നും നീതി നടപ്പാകുമെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
ഗുജറാത്തിൽ മറ്റൊരു ബലാത്സംഗക്കേസും ഇയാൾക്കെതിരെയുണ്ട്. സൂറത്തിലെ രണ്ട് സഹോദരിമാർ ആശാറാമിനും മകൻ നാരായൻ സായിക്കുമെതിരെ ലൈംഗിക പീഡനക്കേസ് നൽകിയിരുന്നു. തടവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.