ന്യൂഡൽഹി: പാകിസ്താനുള്ള വെള്ളം തടഞ്ഞാൽ നദിയിലൂടെ രക്തമൊഴുകുമെന്ന് ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി. അമ്മ ബേനസീർ ഭൂട്ടോ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ബിലാവൽ ഓർക്കണമെന്ന് ഉവൈസി പറഞ്ഞു.
രാഷ്ട്രീയത്തിൽ ബിലാവൽ പുതുമുഖമാണ്. ആരാണ് അമ്മയെ കൊന്നതെന്ന് ബിലാവൽ ചിന്തിക്കണം. ഭീകരരവാദമാണ് അവരെ കൊലപ്പെടുത്തിയത്. അത് ബിലാവലിന് അറിയില്ലായിരിക്കും. അതിനാലാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത്. പാകിസ്താനിലുള്ള ഭീകരരാണ് അമ്മയെ കൊന്നതെന്ന് ബിലാവൽ മനസിലാക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.മുൻ പാകിസ്താൻ പ്രധാനമന്ത്രിയായ ബേനസീർ ഭൂട്ടോ 2007 ഡിസംബർ 27ന് റാവൽപിണ്ടിയിൽ വെച്ചാണ് കൊല്ലപ്പെട്ടത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയിൽ മുന്നറിയിപ്പുവുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ രംഗത്തെത്തിയിരുന്നു. സിന്ധു നദിയിലൂടെ ഒന്നുകിൽ നമ്മുടെ വെള്ളം ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം ഒഴുകുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. സിന്ധു നദീതട സംസ്കാരത്തിന്‍റെ യഥാർഥ സംരക്ഷകൻ പാകിസ്താനാണെന്നും ബിലാവൽ അവകാശപ്പെട്ടു.
'സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ അവരുടെ രക്തം' -ബിലാവൽ ഭൂട്ടോ പറഞ്ഞു.
'അദ്ദേഹത്തിന്റെ (മോദി) 'യുദ്ധക്കൊതി'യോ സിന്ധു നദിയിലെ ജലം വഴിതിരിച്ചു വിടാനുള്ള ശ്രമമോ പാകിസ്താനോ അന്താരാഷ്ട്ര സമൂഹമോ സഹിക്കില്ല. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയുടെ അവകാശികളാണെന്ന് മോദി പറയുന്നു. പക്ഷെ, ആ നാഗരികത ലാർക്കാനയിലെ മോഹൻജെദാരോയിലാണ്. ഞങ്ങളാണ് അതിന്റെ യഥാർഥ സംരക്ഷകർ. ഞങ്ങൾ അതിനെ സംരക്ഷിക്കും.'- ബിലാവൽ ഭൂട്ടോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.