ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യുവതിയുടെ അനുവാദമില്ലാതെ ചിത്രം പകർത്തിയ സി.ഐ.എസ്.എഫ് ജവാന് സസ്‌പെൻഷൻ. എയിംസ് മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. യാത്രക്കാരിയുടെ പരാതിയെ തുടർന്ന് ജവാനെ ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരെ ഉദ്യോഗസ്ഥൻ തോക്കുചൂണ്ടിയതോടെയാണ് രംഗം സംഘർഷഭരിതമായി മാറിയത്.
യാത്രക്കിടെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ തന്റെ ചിത്രങ്ങൾ രഹസ്യമായി ഫോണിൽ പകർത്തുകയായിരുന്നു എന്ന് യുവതി ആരോപിച്ചു. ജവാൻ ഈ ആരോപണം നിഷേധിച്ചെങ്കിലും, സംശയം തോന്നിയ യാത്രക്കാർ ഫോൺ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഗാലറിയിൽ യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തുകയും, ഇത് വലിയ വാക്കുതർക്കത്തിന് ഇടയാക്കുകയും ചെയ്തു.
ട്രെയിനിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ യാത്രക്കാർ തടഞ്ഞതോടെയാണ് കൈയാങ്കളിയുണ്ടായത്. ഇതിനിടയിലാണ് പരിഭ്രാന്തി പരത്തിക്കൊണ്ട് ഉദ്യോഗസ്ഥൻ സർവീസ് പിസ്റ്റൾ പുറത്തെടുത്ത് യാത്രക്കാർക്ക് നേരെ ചൂണ്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ സി.ഐ.എസ്.എഫ് ഉന്നത ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടുകയും, ആരോപണവിധേയനായ ജവാനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വിഷയത്തിൽ വിശദമായ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. മെട്രോ ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥരിൽ നിന്നുതന്നെ ഇത്തരം നടപടികളുണ്ടാകുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.