ന്യൂഡൽഹി: കൂറുമാറ്റം തടയാൻ, അടുത്ത ടേമിൽ ടിക്കറ്റ് നൽകാമെന്ന വാഗ്ദാനം അടക്കം അരവിന്ദ് കെജ്‌രിവാൾ മുന്നോട്ടുവെച്ചിരുന്നുവെന്നും എന്നാൽ ബി.ജെ.പിയിലേക്ക് പോയ എം.പിമാർ അദ്ദേഹത്തെ കാണാൻപോലും തയ്യറായില്ലെന്നും റിപ്പോർട്ട്. പാർട്ടിവിട്ട അഞ്ച് എം.പിമാർക്കും അടുത്ത ടേമിൽ ടിക്കറ്റ് നൽകാമെന്നായിരുന്നു കെജ്‌രിവാളിന്‍റെ വാഗ്ദാനം. "നിങ്ങൾക്ക് എന്തെങ്കിലും അസംതൃപ്തിയുണ്ടെങ്കിൽ, നിങ്ങളുടെ സ്ഥാനങ്ങൾ രാജിവയ്ക്കണമെന്നും അടുത്ത ടേമിൽ വീണ്ടും ടിക്കറ്റ് നൽകുമെന്നും" കെജ്‌രിവാൾ എം.പിമാരോട് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
അനുനയ ചർച്ചക്കായി വെള്ളിയാഴ്ച വൈകീട്ട് കെജ്‌രിവാൾ എം.പിമാരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ചർച്ചക്ക് തയ്യാറാവാത്ത എം.പിമാർ പാർട്ടിയിൽ നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതിനാൽ കൂടിക്കാഴ്ചയും നടന്നില്ല.രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാൾ എന്നി ഏഴ് എം.പിമാരാണ് വെള്ളിയാഴ്ച ആപ്പിൽ നിന്ന് രാജി പ്രഖ്യാപിച്ച് ബി.ജെ.പിക്കൊപ്പം ചേർന്നത്. രാഘവ് ഛദ്ദയെ പാർട്ടി രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്തുനിന്നു മാറ്റി അശോക് കുമാർ മിത്തലിനെ നിയമിച്ചതോടെയാണ് എം.പിമാർ കൂട്ടമായി ബി.ജെ.പിയിലേക്ക് ചേക്കേറാൻ നീക്കം ആരംഭിച്ച്.എം.പിമാരെ വേട്ടയാടാൻ ബിജെപി "ഓപ്പറേഷൻ ലോട്ടസ്" ആരംഭിച്ചതായും പഞ്ചാബിൽ എ.എ.പി സർക്കാരിന്റെ പ്രവർത്തനങ്ങൾ തടയാൻ ഗൂഢാലോചന നടത്തിയതായും എ.എ.പി നേതാക്കൾ ആരോപിച്ചു.
കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിനിരയായവരാണ് രാഘവ് ഛദ്ദ, അശോക് മിത്തൽ, സ്വാതി മലിവാൾ എന്നിവർ. ആം ആദ്മി പാർട്ടിയുടെ ബുദ്ധികേന്ദ്രമെന്ന് അറിയപ്പെട്ടിരുന്നയാളാണ് സന്ദീപ് പഥക്ക്. കൂറുമാറ്റം ബാധകമല്ലാത്ത ഭരണഘടനാ വ്യവസ്ഥയുടെ ആനുകൂല്യം ഉപയോഗിച്ചാണ് ആപ്പിന്റെ രാജ്യസഭാംഗങ്ങളിൽ മൂന്നിൽ രണ്ടുപേരും പാർട്ടിയിലെ അംഗത്വവും സ്ഥാനങ്ങളും രാജിവെച്ച് ബി.ജെ.പിയിലേക്ക് മാറുന്നതെന്ന് മുതിർന്ന ആപ് നേതാവ് രാഘവ് ഛദ്ദ ന്യൂഡൽഹിയിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യസഭാ ചെയർമാനെ വെള്ളിയാഴ്ച രേഖാമൂലം ഇക്കാര്യം അറിയിച്ചുവെന്നും ഛദ്ദ കൂട്ടിച്ചേർത്തു. അതേസമയം മൂന്ന് പേർക്കുമെതിരെ നിയമനടപടിയെടുക്കുമെന്നാണ് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്. മറ്റു നാലുപേരെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.