താൻ നൊബേൽ സമ്മാനം അർഹിക്കുന്നുവെന്ന് കെജ്രിവാൾ; ‘അഴിമതി വിഭാഗ’ത്തിൽ പരിഗണിക്കാമെന്ന് ബി.ജെ.പി

ന്യൂഡൽഹി: ഭരണ മികവിന് താൻ നൊബേൽ സമ്മാനം അർഹിക്കുന്നുവെന്ന ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളിന്‍റെ പരാമർശത്തെ പരിഹസിച്ച് ബി.ജെ.പി രംഗത്ത്. കെജ്രിവാളിന്‍റെ പരാമർശം പരിഹാസ്യമാണെന്നും അദ്ദേഹത്തിന്‍റെ ഭരണ കാലയളവ് അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതാണെന്നും ബി.ജെ.പി ആരോപിച്ചു. ചൊവ്വാഴ്ച ചണ്ഡിഗഡിൽ ‘ദ് കെജ്രിവാൾ മോഡൽ’ എന്ന പുസ്തകത്തിന്‍റെ പഞ്ചാബി പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് തന്‍റെ സർക്കാർ ഭരണ മികവിന്‍റെ ഉദാഹരണമാണെന്ന് കെജ്രിവാൾ പറഞ്ഞത്.

“ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ അനുവദിക്കാതിരുന്നപ്പോഴും ഞങ്ങൾ കാര്യങ്ങൾ നന്നായി ചെയ്തു. ലെഫ്റ്റനന്റ് ഗവർണറും മറ്റുപല തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും മികച്ച ഭരണം കാഴ്ചവച്ചതിന് എനിക്ക് നൊബേൽ സമ്മാനം കിട്ടേണ്ടതാണ്” -എന്നിങ്ങനെയായിരുന്നു കെജ്രിവാളിന്‍റെ പരാമർശം. എ.എ.പി സർക്കാറും ലഫ്. ഗവണർ വി.കെ. സക്സേനയും കൊമ്പുകോർക്കുക പതിവായിരുന്നു. ഡൽഹി സർക്കാറിന്‍റെ അധികാരം വെട്ടിക്കുറക്കാനുള്ള കേന്ദ്ര നീക്കവും ഇക്കാലയളിവിൽ ശക്തമായിരുന്നു. ഇതെല്ലാം വിമർശിച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്‍റെ പരാമർശം.

ഇതിനു മറുപടിയായി അഴിമതിയിൽ മുങ്ങിയ ഭരണമായിരുന്നു എ.എ.പിയുടേതെന്ന് ബി.ജെ.പി ഡൽഹി അധ്യക്ഷൻ വിരേന്ദ്ര സച്ദേവ പറഞ്ഞു. ആരോപണങ്ങൾക്കിടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്‍റേതെന്നും സച്ദേവ വിമർശിച്ചു. തനിക്ക് നൊബേൽ വേണമെന്ന് കെജ്രിവാൾ പറയുന്നത് പരിഹാസ്യമാണ്. കെടുകാര്യസ്ഥതക്കും അരാചകത്വത്തിനും അഴിമതിക്കും നൊബേൽ കൊടുക്കുമെങ്കിൽ അത് അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്. പബ്ലിക് ട്രാൻസ്പോർട്ട് ബസിലും ക്ലാസ് റൂം നിർമാണത്തിലും മദ്യനയത്തിലും പെൻഷൻ പദ്ധതിയിലും ഉൾപ്പെടെ എ.എ.പി സർക്കാർ അഴിമതി കാണിച്ചെന്നും സച്ദേവ പറഞ്ഞു.

എന്നാൽ ഇപ്പോൾ ഡൽഹി ഭരിക്കുന്നത് മുഖ്യമന്ത്രി രേഖ ഗുപ്തയല്ല, സച്ദേവയാണെന്ന് എ.എ.പി തിരിച്ചടിച്ചു. പ്രതിപക്ഷത്തല്ല ഭരണപക്ഷത്താണെന്ന കാര്യം ബി.ജെ.പി മറക്കുന്നു. വാക്കിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് അവർ മനസ്സിലാക്കണമെന്നും മുൻമന്ത്രി കൂടിയായ സൗരഭ് ഭരത്വാജ് ആവശ്യപ്പെട്ടു.

Tags:    
News Summary - Arvind Kejriwal says he deserves Nobel prize, BJP suggests 'corruption category'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.