ന്യൂഡൽഹി: സുഹൃത്തിന്റെ 14 വയസുള്ള മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കാൻ ഉത്തരവിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വനിത-ശിശു വികസന മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടറായ പ്രോമോദയ് ഖാഖയെ സസ്പെൻഡ് ചെയ്യാനാണ് ഉത്തരവ്. ഇതു സംബന്ധിച്ച് ഇന്ന് വൈകീട്ട് അഞ്ചുമണിക്കുള്ളിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നും കെജ്‍രിവാൾ നിർദേശിച്ചിട്ടുണ്ട്.
''കൊടും കുറ്റകൃത്യമാണ് ഉദ്യോഗസ്ഥൻ നടത്തിയത്.അയാളുടെ ഭാര്യക്കും ഈ കുറ്റകൃത്യത്തിൽ പങ്കുണ്ട്. സമൂഹത്തെ ആകെ പിടിച്ചുകുലുക്കിയ ഒരു സംഭവമാണിത്. എത്രയും പെട്ടെന്ന് നടപടി വേണം. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ഇപ്പോൾ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നു. വൈകീട്ട് അഞ്ചുമണിക്കുള്ളിൽ ചീഫ് സെക്രട്ടറിയോട് വിശദീകരണവും തേടിയിട്ടുണ്ട്. ഈ കേസിൽ കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന് കഴിഞ്ഞിട്ടില്ല. കുറ്റവാളിയെ ശിക്ഷിക്കണം.''-മുതിർന്ന എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. 2020 ഒക്ടോബർ ഒന്നിന് പിതാവ് മരിച്ചശേഷം പ്രേമോദയ് യുടെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. 2020 നവംബറിനും 2021 ജനുവരിക്കുമിടയിൽ ഇയാൾ പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനായി മരുന്ന് നൽകിയതിന് പ്രതിയുടെ ഭാര്യക്കെതിരെയും കേസുണ്ട്. ഗർഭിണിയായപ്പോൾ പെൺകുട്ടി പ്രതിയുടെ ഭാര്യയോട് വിവരം പറയുകയായിരുന്നു. തുടർന്ന് അവർ തന്റെ മകനോട് മരുന്ന് വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. മരുന്ന് പെൺകുട്ടിക്ക് നൽകുകയും ചെയ്തു.
ഈ വർഷം ആഗസ്റ്റിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ആശുപത്രിയിലെത്തിയ കൗൺസലറോട് പെൺകുട്ടി വിവരങ്ങൾ പറയുകയായിരുന്നു. 2021 ജനുവരിയിൽ കുട്ടി അമ്മയുടെ അടുത്തേക്ക് തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.