ഇറ്റാനഗർ: സ്കൂളിലെ അധ്യാപക ക്ഷാമത്തെതുടർന്ന് 90 ഓളം വിദ്യാർഥികൾ 65 കിലോമീറ്റർ കാൽനടയാത്ര നടത്തി പ്രതിഷേധമറിയിച്ചു. കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിലെ (കെ.ജി.ബി.വി) കുട്ടികളാണ് അധ്യാപക ക്ഷാമത്തെതുടർന്ന് തെരുവിലിറങ്ങിയത്. സ്കൂൾ യൂണിഫോമിൽ നാങ്യാനോ ഗ്രാമത്തിൽ നിന്ന് തുടങ്ങിയ കാൽനടയാത്ര ജില്ല ആസ്ഥാനമായ ലെമ്മിയിൽ വരെ എത്തി. കുടകളും ബാഗുകളും പിടിച്ചാണ് കുട്ടികൾ നടന്നത്. 11,12 ക്ലാസുകളിലെ ഭൂമിശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങളിലെ അധ്യാപകരെ എത്രയും പെട്ടന്ന് നിയമിക്കണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം.
‘അധ്യാപകനില്ലാത്ത സ്കൂൾ വെറും ഒരു കെട്ടിടം’ എന്നെഴുതിയ പോസ്റ്ററും മുദ്രാവാക്യങ്ങളും വിളിച്ചായിരുന്നു പ്രകടനം. അധ്യാപകർ വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ച അപേക്ഷകൾക്ക് സ്കൂൾ അധികൃതരും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും മറുപടി നൽകാത്തതിനാലാണ് പ്രതിഷേധത്തിനിറങ്ങേണ്ടി വന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. പ്രകടനത്തെതുടർന്ന് അധ്യാപകരെ നിയമിച്ചതായി വിദ്യാഭ്യാസ വകുപ്പ് ഉദ്യേഗസ്ഥർ അറിയിച്ചു. സ്കൂളിലെ അധ്യാപകരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയതെന്ന് ഡി.ഡി.എസ്.ഇ ദീപക് തയേങും പറഞ്ഞു. എന്നാൽ സ്കൂളുകളിൽ ഭൂമിശാസ്ത്രത്തിനും പൊളിറ്റിക്കൽ സയൻസിനുമുള്ള അധ്യാപകരുടെ ക്ഷാമം മാത്രമാണുള്ളതെന്നും ബാക്കിയുള്ള വിഷയങ്ങൾക്ക് മതിയായ അധ്യാപകരുണ്ടെന്നും സ്കൂൾ പ്രധാന അധ്യാപിക വ്യക്തമാക്കി.
2011-12 ൽ സ്ഥാപിച്ച സ്കൂൾ കൈകാര്യം ചെയ്യുന്നത് സെയ് ദോണി ചാരിറ്റബിൾ ട്രസ്റ്റ് എന്ന എൻ.ജി.ഒ ആണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ് ഇവരുടെ ലക്ഷ്യം. നിലവിൽ 90-ലധികം വിദ്യാർഥികളുള്ള സ്കൂളിൽ പ്രധാന അധ്യാപിക, വാർഡൻ,13 അധ്യാപകർ എന്നിവരാണുള്ളത്. വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്കൂൾ പ്രവർത്തിക്കുന്നതും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എൻ.ജി.ഒ ചെയർമാനുമായി സംസാരിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മാസം സ്‌കൂളിന്റെ സുഗമമായ പ്രവർത്തനത്തിനായി രണ്ട് അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നതായും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.