ഹേമന്ത് സോറൻ
ഹേമന്ത് സോറന്റെ ജാമ്യാപേക്ഷയിൽ 23ന് വാദം കേൾക്കുമെന്ന് കോടതി; അറസ്റ്റ് തന്നെ ബി.ജെ.പിയിൽ ചേർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് സോറൻ
റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ 23ന് വാദം കേൾക്കുമെന്ന് റാഞ്ചിയിലെ പ്രത്യേക കോടതി. കഴിഞ്ഞ ദിവസം ഹേമന്ത് സോറൻ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തന്നെ ഇ.ഡി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ ബി.ജെ.പിയിൽ ചേരാൻ പ്രേരിപ്പിക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് സോറൻ ജാമ്യാപേക്ഷ സമർപ്പിച്ചത്.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മിനിറ്റുകൾക്കകമായിരുന്നു ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. റാഞ്ചി ഹോത്വാറിലെ ബിർസ മുണ്ട ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സോറൻ.
നിയമവിരുദ്ധമായി 31 കോടി രൂപയുടെ സ്ഥലം വാങ്ങി എന്ന് തെളിയിക്കുന്നതിനായി ഇ.ഡി ശേഖരിച്ചത് ടി.വിയും ഫ്രിഡ്ജും വാങ്ങിയതിന്റെ ബില്ലുകളാണെന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. റാഞ്ചി ആസ്ഥാനമായ ഡീലർമാരിൽനിന്ന് ശേഖരിച്ച ബില്ലുകളാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചത്. സന്തോഷ് മുണ്ടയുടെ കുടുംബാംഗങ്ങളുടെ പേരിലാണ് ടി.വിയും ഫ്രിഡ്ജും വാങ്ങിയതെന്നും ഹേമന്ദ് സോറൻ നിയമവിരുദ്ധമായി വാങ്ങിയ 8.86 ഏക്കർ സ്ഥലത്തിന്റെ പരിചാരകനായി 15 ഓളം വർഷമായി താമസിക്കുന്നത് ഇയാളാണെന്നും ഇ.ഡി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.