ബംഗളൂരു: കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ സേതു ആപ് നിർബന്ധമാക്കിയ നടപടിയിൽ കേന്ദ്ര സർക്കാറിൽനിന്ന് കർണാടക ഹൈകോടതി വിശദീകരണം തേടി. വിമാന, ട്രെയിൻ യാത്രക്കും മറ്റു സർക്കാർ കാര്യങ്ങൾക്കും ആരോഗ്യ സേതു ആപ് നിർബന്ധമാക്കിയതിനെതിരെ ബംഗളൂരുവിലെ സോഫ്റ്റ് വെയർ എൻജിനീയറായ അനിവർ എ. അരവിന്ദ് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.
സ്മാർട്ട് ഫോൺ ഉള്ളവർക്ക് മാത്രമേ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയുകയുള്ളൂവെന്നും കൂടാതെ വ്യക്തികളുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നും ഹരജിയിൽ വ്യക്തമാക്കി. ഒരാൾ വ്യക്തിപരമായി ഉപയോഗിക്കുന്ന മൊബൈലിൽ ഒരു ആപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണമെന്ന് പറയാൻ സർക്കാറിന് അവകാശമില്ലെന്നും ഹരജിക്കാരൻ വാദിച്ചു.
മറ്റു രാജ്യങ്ങളും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ബ്ലൂടൂത്ത് സിഗ്നൽ ആണ് ഉപയോഗിക്കുന്നത്.എന്നാൽ, ആരോഗ്യസേതുവിൽ ഉപയോക്താവിെൻറ ‘ലോക്കേഷൻ'ആണ് ഉപയോഗിക്കുന്നതെന്നും ഹരജിയിൽ പറയുന്നു. രാജ്യത്ത് 35ശതാനം പേർ മാത്രമാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതെന്നും നിർധനരായവർക്ക് ഇതുമൂലം യാത്രക്കുള്ള അവകാശവും സർക്കാർ സേവനങ്ങളും നിഷേധിക്കപ്പെടുമെന്നും നിർബന്ധമാക്കിയ നടപടി ഒഴിവാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.