ന്യൂഡൽഹി: പിങ്ക് ലെഹങ്കയിൽ നവവധുമായി അണിഞ്ഞൊരുങ്ങിയപ്പോൾ മണ്ഡപത്തിലേക്ക് മുസ്കാനെ അനുഗമിക്കാൻ യൂണിഫോമിൽ അഛന്റെ ആത്മാർഥ സുഹൃത്തുക്കളെത്തി, അമ്പതോളം സൈനീകർ. ആദ്യം അമ്പരപ്പ്, പിന്നെ സ്നേഹത്തിന്റെ തിരത്തള്ളൽ, നിറകണ്ണുകളോടെ വേദിയിലേക്ക്. നോയ്ഡയിലെ വിവാഹ വീടാണ് കഴിഞ്ഞ ദിവസം വേറിട്ട സ്നേഹബന്ധത്തിന് ദൃക്സാക്ഷിയായത്.
ഗ്രേറ്റർ നോയിഡയിലെ കാസ്നയിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം മുസ്കാൻ ഭട്ടിയുടെ (22) വിവാഹം നടന്നത്. 2006ൽ ജമ്മുകാശ്മീരിലെ ബാരമുള്ളയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികനായ സുരേഷ് സിങ് ഭട്ടിയുടെ മകളാണ് മുസ്കാൻ. പഞ്ചാബിലെ ഗ്രനേഡിയർ വിഭാഗത്തിന്റെ ഭാഗമായി വീരമൃത്യു വരിക്കുമ്പോൾ 28വയസായിരുന്നു സുരേഷ് സിങ്ങിന്റെ പ്രായം.
മുസ്കാന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ പിതൃസഹോദരനായ പവൻ സിങ് ഭട്ടി പഞ്ചാബിലെ ഗ്രനേഡിയർ വിഭാഗത്തിന് ക്ഷണക്കത്തയച്ചിരുന്നു. വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ അയച്ച ക്ഷണക്കത്ത് ഇത്ര സ്നേഹത്തോടെ സ്വീകരിക്കപ്പെടുമെന്ന് ഊഹിച്ചുപോലുമില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ പവൻ സിങ്ങിന്റെ കണ്ണുകൾ നിറഞ്ഞു.
വധുവിനെ വിവാഹവേദിയിൽ ആനയിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു വേദിയുടെ പുറത്ത് ഒരു ബസ് നിറയെ സൈനീകർ വന്നിറങ്ങിയതെന്ന് മുസ്കാന്റെ മുത്തശ്ശി കൃഷ്ണ ഭട്ടി പറഞ്ഞു. പട്ടാളക്കാരെത്തിയതോടെ ഗ്രാമീണർ മുഴുവൻ വേദിക്ക് ചുറ്റും തടിച്ചുകൂടി. ഇതിനിടെ, വേദിക്കരികിൽ സ്ഥാപിച്ചിരുന്ന സുരേഷിന്റെ ചിത്രത്തിൽ പട്ടാളക്കാർ പുഷ്പചക്രം അർപ്പിച്ചു.
പിന്നാലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന മൂന്ന് ഉദ്യോഗസ്ഥർ മുസ്കാന്റെ ദുപ്പട്ട കയ്യിലേന്തി വേദിയിലേക്ക് ആനയിച്ചു. സർവീസിലുള്ളവരും വിരമിച്ചവരുമായി അമ്പതോളം പട്ടാളക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.
10-ാം തരം പൂർത്തിയായതിന് പിന്നാലെ 1997ലാണ് കൃഷ്ണ ഭട്ടിയുടെ മൂന്ന് മക്കളിൽ മൂത്തവനായ സുരേഷ് സിങ് ഭട്ടി പട്ടാളത്തിൽ ചേരുന്നത്. തുടർന്ന് മധ്യപ്രദേശിലും ജബൽപൂരിലുമായി പരിശീലനം പൂർത്തിയാക്കി. തുടർന്ന് ജമ്മു കാശ്മീരിൽ ലാൻസ് കോർപറൽ ആയി ജോലിയിൽ പ്രവേശിച്ചു. 2006ൽ തീവ്രവാദി ആക്രമണത്തിൽ പരിക്കേറ്റ് സുരേഷ് ഭട്ടി മരണമടഞ്ഞതിന് പിന്നാലെ, അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും മകളും സഹോദരനായ പവൻ സിങ് ഭട്ടിയുടെ സംരക്ഷണത്തിലാണ് വളർന്നത്. കഴിഞ്ഞ വർഷം സുരേഷിന്റെ മൂത്ത മകനായ ഹർഷും പട്ടാളത്തിന്റെ ഭാഗമായി. പിതാവിന്റെ സ്നേഹിതർ ചടങ്ങിനെത്തിയത് കണ്ട് താൻ അക്ഷരാർഥത്തിൽ അമ്പരന്നുപോയെന്ന് നിലവിൽ ജമ്മുവിൽ സേവനമനുഷ്ഠിക്കുന്ന ഹർഷ് മാധ്യമങ്ങളോട് പറഞ്ഞു.
വീരമൃത്യു വരിച്ച തന്റെ സഹോദരനെ സർക്കാർ അവഗണിച്ചപ്പോഴും സഹപ്രവർത്തകർ നൽകിയ ആദരവ് ഹൃദയം നിറക്കുന്നതാണെന്ന് പവൻ സിങ് പറഞ്ഞു. രക്തസാക്ഷികളായ സൈനീകരുടെ കുടുംബത്തിന് സർക്കാർ ജോലിയടക്കം പിന്തുണ നൽകാറുണ്ടെന്നിരിക്കെ സുരേഷിന്റെ കുടുംബത്തിനോ മക്കൾക്കോ യാതൊരു പരിഗണനയും ലഭിച്ചില്ലെന്ന് പവൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.