തലൈവിയുടെ ചികിത്സയില്‍ താളംതെറ്റി അപ്പോളോ ആശുപത്രി

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം രാജ്യത്തെ പ്രമുഖ ആശുപത്രികളിലൊന്നായ അപ്പോളോ ആശുപത്രിയുടെ താളംതെറ്റിച്ചു. ജയക്കുവേണ്ടി ഒരുക്കിയ കനത്ത സുരക്ഷാ സന്നാഹത്തത്തെുടര്‍ന്ന് രോഗികള്‍ കൊഴിഞ്ഞുപോകുന്നത് തടയാന്‍ ആശുപത്രി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയാണിപ്പോള്‍.
ജയലളിതയെ പ്രവേശിപ്പിച്ച സെപ്റ്റംബര്‍ 22 മുതലാണ് സുരക്ഷ ശക്തമാക്കിയത്. പ്രധാന പാതയായ ഗ്രീംസ്റോഡില്‍നിന്ന് ആശുപത്രിയിലേക്ക് എത്തേണ്ട കാല്‍ കി.മീറ്റര്‍ റോഡില്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. രോഗികളെ സ്ട്രെച്ചറിലും മറ്റുമാണ് എത്തിച്ചിരുന്നത്. ആശുപത്രിയുടെ ആംബുലന്‍സിനും മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും മാത്രമായിരുന്നു ഇളവ്. മറ്റ് ആംബുലന്‍സുകള്‍ വരെ പൊലീസ് തടഞ്ഞു. രോഗികളെയും സഹായികളെയും കര്‍ശന പരിശോധനക്കുശേഷമാണ് കടത്തിവിട്ടത്. ജീവനക്കാര്‍ക്ക് പൊലീസ് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി.
ആശുപത്രിക്കുമുന്നിലും പരിസരത്തും നിരവധി പൊലീസുകാരെയാണ് വിന്യസിച്ചത്.
ജയലളിത ചികിത്സയില്‍ കഴിയുന്ന രണ്ടാമത്തെ നില പൂര്‍ണമായും അടച്ച നിലയിലാണ്. ശശികലക്കും അവരുടെ കുടുംബാംഗം ശിവകുമാറിനും മാത്രമേ ഇവിടേക്ക് പ്രവേശമുള്ളൂ. മന്ത്രിമാരും ഐ.പി.എസ് ഓഫിസര്‍മാരും ആശുപത്രിയിലുണ്ട്. ഇതുകൂടാതെ, ആശുപത്രിക്കുപുറത്ത് നൂറുകണക്കിന് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരാണ് തമ്പടിച്ചത്.
അത്യാസന്ന നിലയില്‍ ചികിത്സ തേടിയത്തെുന്നവര്‍ക്കുവരെ ബാരിക്കേഡുകള്‍ അടക്കമുള്ള സന്നാഹങ്ങള്‍ ദുരിതംവിതച്ചതോടെയാണ് ആശുപത്രിയില്‍ കഴിയുന്ന രോഗികളുള്‍പ്പെടെ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയത്. ഇതേതുടര്‍ന്നാണ് തങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായും നൂതന ചികിത്സ നല്‍കുന്നതായും കാണിച്ച് പത്രങ്ങളിലും മറ്റും പരസ്യം നല്‍കുന്നത്.
ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നത് തിരിച്ചറിഞ്ഞതോടെ സുരക്ഷാസംവിധാനങ്ങള്‍ കുറച്ചിട്ടുണ്ട്. ആശുപത്രിയില്‍ രോഗികള്‍ കുറഞ്ഞതോടെ സമീപ ഹോട്ടലുകളും ലോഡ്ജുകളും പ്രതിസന്ധിയിലായി.
ജയലളിതയുടെ ആരോഗ്യസ്ഥിതി റിപ്പോര്‍ട്ട് ചെയ്യാന്‍ ആശുപത്രിക്ക് മുന്നില്‍ രാപ്പകല്‍ തമ്പടിച്ചിരുന്ന മാധ്യമപ്രവര്‍ത്തകരും മടങ്ങിത്തുടങ്ങി.
ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ പ്രത്യേക റിപ്പോര്‍ട്ടര്‍മാരെയും കാമറാമാന്മാരെയും നിയോഗിച്ചിരുന്നു. വിദേശ മാധ്യമപ്രതിനിധികളും ദിവസങ്ങളോളം ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചു.
കേരളത്തില്‍നിന്നുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി മാധ്യമപ്രവര്‍ത്തകരാണ് എത്തിയത്. ഒരാഴ്ചയായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിടാതിരുന്നതോടെ വാര്‍ത്തകള്‍ കുറഞ്ഞിട്ടുണ്ട്. ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുമെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂന്നുനേരം ഭക്ഷണം നല്‍കിയിരുന്നു.
Tags:    
News Summary - appolo hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.