ന്യൂഡല്‍ഹി: പാകിസ്താന് രഹസ്യങ്ങൾ ചോർത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. പഞ്ചാബ് റൂപ്‌നഗര്‍ സ്വദേശിയായ യൂട്യൂബര്‍ ജസ്ബീര്‍ സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാരവൃത്തിക്ക് നേരത്തേ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈകമീഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥൻ എഹ്സാന്‍-ഉര്‍-റഹീം എന്നറിയപ്പെടുന്ന ഡാനിഷ് ആയി ഇയാൾ ബന്ധം പുലര്‍ത്തിയിരുന്നെന്നും വിവരങ്ങളുണ്ട്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ജസ്ബീര്‍ സിങ്ങിനെ പിടികൂടിയതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട് ഒരു ചാരശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ജന്‍മഹല്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍ സിങിന് 11 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. അടുത്തിടെ അറസ്റ്റിലായ വനിതാ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഭീകരവാദ പിന്തുണയുള്ള ചാരവൃത്തി സംഘത്തിന്റെ ഭാഗമാണെന്ന് സംശയിക്കപ്പെടുന്ന ഇന്ത്യന്‍ വംശജനായ ഷാക്കിര്‍ അഥവാ ജട്ട് രണ്‍ധാവയുമായും ജസ്ബീറിന് അടുപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിന്റെ ക്ഷണപ്രകാരം ഡല്‍ഹിയില്‍ നടന്ന പാകിസ്താന്‍ ദേശീയ ദിന പരിപാടിയില്‍ ജസ്ബീര്‍ സിങ് പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ വച്ച് പാകിസ്താന്‍ ആര്‍മി ഉദ്യോഗസ്ഥര്‍, വ്ലോഗര്‍മാര്‍ എന്നിവരുമായി ജസ്ബീര്‍ സിങ് കൂടിക്കാഴ്ച നടത്തി. 2020, 2021, 2024 വര്‍ഷങ്ങളിളിലായി ഇയാള്‍ പലതവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
ജസ്ബീര്‍ സിങില്‍ നിന്നും കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ പാകിസ്താന്‍ ബന്ധം വ്യക്തമാക്കുന്ന ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.