ചെന്നൈ: മദ്യനയ അഴിമതി ആരോപിച്ച് തമിഴ്നാട്ടിൽ പ്രതിഷധ പ്രകടനം നടത്താനൊരുങ്ങിയ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ, തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ, സംസ്ഥാന ബി.ജെ.പി സെക്രട്ടറി വിനോജ് പി. സെൽവം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 11 മണിക്ക് പ്രതിഷേധ പ്രകടനം നടത്താനാണ് ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തത്. എന്നാൽ അതിനു മുമ്പായി ബി.ജെ.പി നേതാക്കളെ വീട്ടുതടങ്കലിലാക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേതാക്കൾ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് എത്തുന്നത് തടയുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം.
തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡിന് കീഴിൽ 1000 കോടിയുടെ അഴിമതി നടന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.
കസ്റ്റഡിയിലെടുത്തതിനെതിരെ അണ്ണാമലൈ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധം നടത്തുന്നത് തടയാനായി നേതാക്കളെ വീട്ടുതടങ്കലിലാക്കി സംസ്ഥാനത്ത് ഡി.എം.കെ സർക്കാർ ഭയംവിതക്കുകയാണ് എന്നായിരുന്നു അണ്ണാമലൈയുടെ ആരോപണം. ജനാധിപത്യപരമായി പ്രതിഷേധം നടത്താനാണ് തങ്ങൾ തീരുമാനിച്ചതെന്നും എന്നാൽ ഡി.എം.കെ സർക്കാർ അത് ഭീരുത്വപരമായ നടപടികളിലൂടെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു. ഒരു ദിവസം തീയതി പോലും പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായി സമരം നടത്തിയാൽ സർക്കാർ എന്തുചെയ്യുമെന്നും അണ്ണാമലൈ ചോദിച്ചു.
സംസ്ഥാനത്തെ മദ്യനയ അഴിമതിയെ കുറിച്ച് അന്വേഷിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ ഇ.ഡി രജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുടനീളം ഇ.ഡി റെയ്ഡ് നടത്തുകയും ചെയ്തു. എന്നാൽ എല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് പറഞ്ഞ് ആരോപണങ്ങൾ തമിഴ്നാട് സർക്കാർ നിരോധിക്കുകയായിരുന്നു.
ബി.ജെ.പിയുടെ പ്രതിഷേധം പ്രത്യേക ലക്ഷ്യങ്ങൾ വെച്ചുള്ളതാണെന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇ.ഡിയെ കൊണ്ടുവന്ന് അടിച്ചമർത്താനുള്ള നീക്കമാണെന്നും സർക്കാർ ആരോപിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.