ബംഗളൂരു: ഹോൺ മുഴക്കിയതിലുള്ള വൈരാഗ്യത്തെ തുടർന്ന് മൂന്നംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറുപ്പിച്ച് കാർ യാത്രികൻ. കഴിഞ്ഞ മാസം ബംഗളൂരുവിലെ എം.എസ് രാമയ്യ ആശുപത്രിക്ക് സമീപം നടന്ന സംഭവത്തിൽ കാർ ഡ്രൈവറായ സുകൃത് ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. അപടത്തിന് ശേഷം നിർത്താതെ പോയ കാറിനെയും ഡ്രൈവറെയും സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
ഒക്ടോബർ 26ന് ദമ്പതികളും ഇവരുടെ പ്രായപൂർത്തിയാകാത്ത കുട്ടിയും സഞ്ചരിച്ച വണ്ടിയുടെ പിറകിൽ അമിതവേഗതയിലെത്തിയ കാർ മനപൂർവം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡറിന് മുകളിലൂടെ ചാടി മറിഞ്ഞ സ്കൂട്ടറിൽ നിന്നും ഇവർ റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിൽ യുവാവിന്റെ വാരിയെല്ലിനും സ്ത്രീയുടെ കൈയിലും തലയിലും സാരമായ പരിക്കുകളേറ്റിട്ടുണ്ട്. തുടർന്ന് പ്രദേശവാസികൾ ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
പിന്നീട് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അപകടം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സുകൃതിനെ പിടികൂടിയത്. അമിതവേഗതയിൽ വണ്ടി ഓടിച്ച സുകൃത് കുടുംബത്തിന് നേരെ കാറ് ഇടിച്ചു കയറ്റുന്നതിന്റെയും തുടർന്ന് നിർത്താതെ ഓടിച്ചു പോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
സിഗ്നലിൽ വെച്ച് സുകൃതിന് നേരെ ഹോണടിച്ച സ്കൂട്ടർ യാത്രികനോടുള്ള ദേഷ്യമാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകശ്രമത്തിന് കുറ്റം ചേർക്കുകയും കേസ് സദാശിവനഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി സുകൃത് സഞ്ചരിച്ച കാർ പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.