കെജ്‌രിവാൾ സർക്കാർ ജനാധിപത്യവിരുദ്ധരെന്ന്; 991 അങ്കണവാടി ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിനെതിരെ നിരാഹാര സമരവുമായി യൂനിയൻ

ന്യൂഡൽഹി: ശമ്പള വർധന ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് ഡൽഹി സർക്കാർ പിരിച്ചുവിട്ട 991 അങ്കണവാടി സ്ഥിരംജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി ഡൽഹി അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ. മേയ് ഒൻപതുമുതൽ ഡൽഹി വനിതാശിശുവകുപ്പിന് മുന്നിൽ നിരാഹാരസമരം ആരംഭിക്കുമെന്ന് യൂനിയൻ ജനറൽ സെക്രട്ടറി കമല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെജ്‌രിവാൾ സർക്കാർ ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നും പിരിച്ചുവിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും നിർധന കുടുംബാംഗങ്ങളാണെന്നും ഇവർ പറഞ്ഞു. നിയമവിരുദ്ധമായും ഏകപക്ഷീയമായും പിരിച്ചുവിട്ട എല്ലാ അങ്കണവാടി ജീവനക്കാരെയും ഹെൽപർമാരെയും സർക്കാർ തിരിച്ചെടുക്കണം. പ്രതിഷേധക്കാർക്കെതിരെ എസ്മ ചുമത്താനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. 2022 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ മുടങ്ങിക്കിടക്കുന്ന വേതനം ഉടൻ നൽകണം.

ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് അങ്കണവാടി ജീവനക്കാരുടെ പിരിച്ചുവിട്ടത്. ഇവരെ തിരിച്ചെടുക്കുമെന്ന ത്രികക്ഷി കരാറിൽ നിന്ന് അരവിന്ദ് കെജ്രിവാൾ സർക്കാർ പിന്മാറിയതായും യൂനിയൻ ആരോപിച്ചു. "ഇത് ജനാധിപത്യ ധാർമികതയ്‌ക്കെതിരാണ്. പ്രശ്നം പരിഹരിക്കാൻ യൂണിയൻ നടത്തുന്ന ശ്രമങ്ങളെ ശിശ​ുക്ഷേമ വകുപ്പ് അട്ടിമറിക്കുന്നു. ഈ നീക്കം തൊഴിൽ സ്ഥിതി കൂടുതൽ വഷളാക്കും. ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തെയാണ് ഈ കരാർ ലംഘനം വ്യക്തമാക്കുന്നത്" -അവർ പറഞ്ഞു.

ഭിന്നശേഷിക്കാരും വിധവകളും അവിവാഹിതരും ഉൾപ്പെട്ട നിരവധി സ്ത്രീ തൊഴിലാളികളെ പീഡിപ്പിക്കുന്നതിൽ എ.എ.പി ഉറച്ചുനിൽക്കുകയാണ്. ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വേതനവും അങ്കണവാടികളുടെ വാടകയും നൽകിയിട്ടില്ലെന്നും കമല പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായ നിലപാടുകൾക്കെതിരെ യൂനിയൻ മുഖ്യമന്ത്രി കെജ്‌രിവാളിനെ കാണുമെന്നും വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുമെന്നും സിഐടിയു ഡൽഹി ജനറൽ സെക്രട്ടറി അനുരാഗ് സക്‌സേന പറഞ്ഞു. 'അംഗൻവാടി ജീവനക്കാരെയും ഹെൽപ്പർമാരെയും കൂട്ടത്തോടെ പിരിച്ചുവിട്ട സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവം ഡൽഹിയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനം അംഗീകരിക്കില്ല. ഈ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മുഖം യൂനിയൻ അഴിച്ചുമാറ്റും" -സക്‌സേന പറഞ്ഞു.

കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെ വാട്സാപ്പിലൂടെയാണ് പിരിച്ചുവിടൽ അറിയിച്ചു കൊണ്ടുള്ള രേഖ കൈമാറിയതെന്ന് കമല പറഞ്ഞു. ഡൽഹിയിലാകെ 11,000 അങ്കണവാടികളാണുള്ളത്. ഇതിൽ വർക്കർമാരും ഹെൽപ്പർമാരുമായി 22,000 പേർ ജോലിചെയ്യുന്നുണ്ട്. വർക്കർമാർക്ക് പതിനായിരം രൂപയും ഹെൽപ്പർമാർക്ക് അയ്യായിരം രൂപയുമാണ് വേതനം. 

Tags:    
News Summary - Anganwadi workers in Delhi to go on hunger strike over termination of 991 employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.