ശ്രീകാകുളം: സംസ്ഥാനത്ത് കുറഞ്ഞുവരുന്ന ജനനനിരക്ക് വർധിപ്പിക്കുന്നതിനായി വലിയ സാമ്പത്തിക പാക്കേജും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന 'സ്വർണ്ണ ആന്ധ്ര-സ്വച്ഛ് ആന്ധ്ര' പരിപാടിയിൽ സംസാരിക്കവെയാണ് പ്രഖ്യാപനം നടത്തിയത്.
കുടുംബത്തിൽ ജനിക്കുന്ന മൂന്നാമത്തെ കുട്ടിക്ക് 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും ഉടൻ തന്നെ ധനസഹായമായി സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുൻപ് ഒരുകാലത്ത് കുടുംബസൂത്രണത്തെ അനുകൂലിച്ചിരുന്ന താൻ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ജനസംഖ്യ വർധിപ്പിക്കാനായി നിലപാട് മാറ്റുകയാണെന്നും കുട്ടികൾ രാജ്യത്തിന്റെ ബാധ്യതയല്ല മറിച്ച് യഥാർത്ഥ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിലെ ജനനനിരക്ക് കുറയുന്നതും ജനസംഖ്യാ വളർച്ച മന്ദഗതിയിലാകുന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള സമ്പൂർണ്ണ മാർഗ്ഗരേഖകളും നിയമങ്ങളും ഒരു മാസത്തിനകം ഔദ്യോഗികമായി സർക്കാർ പുറത്തിറക്കും. മൂന്നാമത്തെ കുട്ടി ജനിച്ചാലുടൻ കുടുംബത്തിന് 30,000 രൂപയും, നാലാമത്തെ കുട്ടിക്ക് 40,000 രൂപയും നേരിട്ട് അക്കൗണ്ടിലെത്തും. നേരത്തെ നിയമസഭയിൽ അവതരിപ്പിച്ച കരട് ജനസംഖ്യാ നയത്തിൽ മൂന്നാമത്തെ കുട്ടിക്ക് 25,000 നൽകാനായിരുന്നു ആലോചിച്ചിരുന്നത്.
എന്നാൽ പുതിയ പ്രഖ്യാപനത്തിലൂടെ തുക വർധിപ്പിക്കുകയും നാലാമത്തെ കുട്ടിയെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ആന്ധ്രാപ്രദേശ് സർക്കാർ ഈ വർഷം മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിപുലമായ 'പോഷണ-ശിക്ഷ-സുരക്ഷ' പദ്ധതിയുടെ ഭാഗമായാണ് ഈ സാമ്പത്തിക സഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.