ന്യൂഡൽഹി: വിവാദ ഭരണഘടന ഭേദഗതി ബില്‍ ലോക്സഭയിൽ കൈയാങ്കളിയിലും ഉന്തിലും തള്ളിലും കലാശിച്ചു. ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തുമെന്ന് കണ്ടതോടെ മൂന്നുമണിവരെ നിർത്തിവെച്ച ലോക്സഭ വീണ്ടും ചേർന്ന് സി.ഐ.എസ്.എഫുകാരുടെ കാവലിൽ അമിത് ഷായെ മൂന്നാം നിരയിൽ കൊണ്ടുപോയി നിർത്തി ഒരു വിധത്തിലാണ് ബിൽ അവതരിപ്പിച്ചത്.
അഞ്ചുവർഷത്തിലധികം ശിക്ഷയുള്ള കേസുകളിൽ അറസ്റ്റിലാകുന്ന പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള 130ാം ഭരണഘടന ഭേദഗതി ബിൽ കനത്ത പ്രതിഷേധങ്ങൾക്കിടയിൽ ശബ്ദ വോട്ടോടെ സംയുക്ത പാർലമെൻററി സമിതിക്ക് (ജെ.പി.സി) വിട്ടു. അടുത്ത സമ്മേളനത്തിൽ റിപ്പോർട്ട് സഭയിൽ വെക്കുമെന്നും ബിൽ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
രാവിലെ രണ്ടുതവണ ബിഹാർ എസ്.ഐ.ആറിനെ ചൊല്ലി നിർത്തിവെച്ച ലോക്സഭ ഉച്ചക്ക് രണ്ടുമണിക്ക് ചേർന്നപ്പോൾ ബിൽ അവതരണത്തിനായി അമിത് ഷാ എഴുന്നേറ്റുനിന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഭരണഘടന ഭേദഗതി ബിൽ അംഗങ്ങൾക്ക് വിതരണം ചെയ്യാതെയും പാർലമെന്റിന്റെ കാര്യോപദേശക സമിതി അറിയാതെയും അർധരാത്രി അജണ്ടയിൽ ഉൾപ്പെടുത്തി ഏകപക്ഷീയമായി കൊണ്ടുവന്നത് ചോദ്യംചെയ്താണ് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. ഇൻഡ്യ സഖ്യത്തിലെ മുഴുവൻ എം.പിമാരും എഴുന്നേറ്റുനിന്ന് പ്രതിഷേധിക്കുന്നതിനിടയിൽ തൃണമൂൽ എം.പിമാർ കല്യാൺ ബാനർജിയുടെ നേതൃത്വത്തിൽ മുദ്രാവാക്യവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.
തൃണമൂൽ അംഗങ്ങൾ ബില്ലുകൾ കീറിയെറിഞ്ഞ് അമിത് ഷാക്കുനേരെ ചെന്നു. അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കെ മഹുവ മൊയ്ത്രയും മൗസം നൂറും മിതാലി ബാഗും ബില്ലുകൾ കീറി അദ്ദേഹത്തിന്റെ മുഖത്തേക്കെറിഞ്ഞു. എന്നിട്ടും ബിൽ അവതരണവുമായി മുന്നോട്ടുപോയതോടെ തൃണമൂൽ അംഗങ്ങൾ അമിത് ഷായുടെ പോഡിയം വളഞ്ഞ് മുദ്രാവാക്യം വിളിച്ച് രണ്ടു മൈക്കുകളും നിയന്ത്രണത്തിലാക്കി.
രോഷാകുലനായ സ്പീക്കർ ഓം ബിർള മുന്നറിയിപ്പ് നൽകിയിട്ടും തൃണമൂൽ അംഗങ്ങൾ പിന്മാറിയില്ല. ഗത്യന്തരമില്ലാതെ അമിത് ഷാ പ്രസംഗം നിർത്തിയിട്ടും തൃണമൂൽ എം.പിമാർ ശാന്തരായില്ല. അതോടെ കേന്ദ്രമന്ത്രിമാരായ രവനീത് ബിട്ടുവിന്റെയും കിരൺ റിജിജുവിന്റയും നേതൃത്വത്തിൽ ബി.ജെ.പി എം.പിമാർ നടുത്തളത്തിലേക്ക് കുതിച്ചു.
മിതാലി ബാഗിനെ ബിട്ടു ബലംപ്രയോഗിച്ച് തള്ളി മാറ്റി. മിഥില ബാഗിന് കൈക്ക് പരിക്കേറ്റു. തൃണമൂൽ അംഗങ്ങൾ ഇരുവരെയും തിരിച്ചും തള്ളിയതോടെ ഉന്തും തള്ളുമായി. അടിപൊട്ടുമെന്ന ഘട്ടത്തിൽ സ്പീക്കർ സഭ നിർത്തിവെച്ചു. തൃണമൂലുകാർ പിന്മാറുന്നില്ലെന്ന് കണ്ടതോടെ അമിത് ഷാ എഴുന്നേറ്റു. അതോടെ ഇൻഡ്യ എം.പിമാർ ഒന്നടങ്കം കൂക്കിവിളിക്കാൻ തുടങ്ങി. അമിത് ഷാ സഭ വിട്ടുപോകുംവരെ ഇത് തുടർന്നു.
പിന്നീട് മൂന്നുമണിക്ക് സഭ ചേർന്നപ്പോൾ പ്രതിപക്ഷത്തെ നേരിടാൻ സി.ഐ.എസ്.എഫുകാരെ വിളിച്ചു. ഇതോടെ, നാണക്കേട് എന്ന് പ്രതിപക്ഷം ഒന്നടങ്കം വിളിച്ചുകൂവി. ഇത്രയും പേടിയുണ്ടെങ്കിൽ അവരുടെ കൈയിൽ ആയുധം കൂടി കൊടുത്തേക്കൂ എന്ന് തൃണമൂൽ എം.പി കീർത്തി ആസാദ് വിളിച്ചുപറഞ്ഞു. ഇതിനിടെ അമിത് ഷാ വിവാദ ബിൽ അവതരണം പൂർത്തിയാക്കി ജെ.പി.സിക്ക് വിടാൻ അനുമതി തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.