മണിപ്പൂർ സംഘർഷം: അമിത് ഷാ വിളിച്ച സർവകക്ഷിയോഗം ഇന്ന്; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: മണിപ്പൂരിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ശനിയാഴ്ച സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വംശീയ കലാപം തുടരുന്ന പശ്ചാത്തലത്തിലാണ് യോഗം.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ ഡൽഹിയിലത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് സർവകക്ഷിയോഗം വിളിക്കുന്നത്. അതേസമയം, യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയില്ലാത്തതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. മണിപ്പൂരിലെ വിഷയത്തേക്കാളും യോഗത്തെക്കാളും പ്രധാനമന്ത്രിക്ക് പ്രധാനം മറ്റുള്ളവയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

50 ദിവസമായി മണിപ്പൂർ കത്തുമ്പോഴും പ്രധാനമന്ത്രി മൗനം പാലിച്ചു. പ്രധാനമന്ത്രി രാജ്യത്ത് ഇല്ലാത്ത സമയത്ത് തന്നെ സർവകക്ഷിയോഗം വിളിച്ചിരിക്കുന്നു. വ്യക്തമാണ്, ഈ കൂടിക്കാഴ്ച പ്രധാനമന്ത്രിക്ക് പ്രധാനമല്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

മെയ് മൂന്നിനാണ് സംസ്ഥാനത്ത് കലാപം ഉടലെടുക്കുന്നത്. മെയ്തെയ് വിഭാഗത്തിന്‍റെ പട്ടികവർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് ഒടുവിൽ കലാപത്തിൽ കലാശിച്ചത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.

1949 ൽ മണിപ്പൂർ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാൽ അതിന് ശേഷം പദവി നഷ്ടമായെന്നുമാണ് മെയ്തെയ് വിഭാഗത്തിന്‍റെ വാദം. അടുത്തിടെ മെയ്തെയ് വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെടുത്താൻ ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കരുതെന്ന ആവശ്യവുമായി നാഗ-കുക്കി വിഭാഗങ്ങൾ രംഗത്തെത്തി. മെയ് മൂന്നിന് ട്രൈബൽ സ്റ്റുഡന്റ്സ് യൂനിയൻ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

കലാപത്തിൽ ഇതുവരെ നൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്.

Tags:    
News Summary - Amit shah to chair all-party meeting to analyse the situations in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.