സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സ്ഫോടനസ്ഥലം സന്ദർശിച്ച് ​അമിത് ഷാ; പരിക്കേറ്റവരെ നേരിൽ കണ്ടു, സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതികരണം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രഅന്വേഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ എല്ലാ തലങ്ങളും പരിഗണിച്ച് സമഗ്ര അന്വേഷണം നടത്തും. സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത സാമ്പിളുകൾ എഫ്.എസ്.എല്ലും എൻ.എസ്.ജിയും വിശകലനം ചെയ്യും. അത് പൂർത്തിയായാലേ ഭീകരാക്രമണ​മാണോ എന്നതടക്കം വിഷയങ്ങളിൽ വ്യക്തത വരൂ എന്നും അമിത് ഷാ പറഞ്ഞു. 

എൽ.എൻ.ജെ.പി ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ച ശേഷം, സ്ഫോടനമുണ്ടായ സ്ഥലത്തെത്തിയ അമിത്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ എല്ലാ പ്രധാന ഏജൻസികളും സംഭവസ്ഥലത്തുണ്ടെന്നും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഷാ വ്യക്തമാക്കിയിരുന്നു.

‘ഇന്ന് വൈകുന്നേരം ഏഴിന്, ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപമുള്ള സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ ഒരു ഹ്യുണ്ടായ് ഐ20 കാറിൽ സ്ഫോടനം ഉണ്ടായി. വിവരം ലഭിച്ചതിന് പിന്നാലെ, ഡൽഹി ക്രൈം ബ്രാഞ്ചിൽ നിന്നും സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നുമുള്ള സംഘങ്ങളും, എഫ്.എസ്.എല്ലിനൊപ്പം എൻ.എസ്.ജി, എൻ.ഐ.എ സംഘങ്ങളും സംഭവസ്ഥലത്തെത്തി സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്,’ ഷാ പറഞ്ഞു.

‘സമീപത്തുള്ള എല്ലാ സി.സി.ടി.വി ക്യാമറകളും പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി പൊലീസ് കമീഷണറുമായും സ്പെഷ്യൽ ബ്രാഞ്ച് ഇൻ ചാർജ്ജുമായും സംസാരിച്ചു. ഇരുവരും സംഭവസ്ഥലത്തുണ്ട്. എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്, സമഗ്രമായ അന്വേഷണം ഉറപ്പുവരുത്തും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - amit sha visits delhi blast victims and the area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.