അമരക്കാരനായി അമരീന്ദര്‍ 

ചണ്ഡിഗഡ്: ഇതിലും നല്ളൊരു ജന്മദിന സമ്മാനം അമരീന്ദര്‍ സിങ്ങിന് കിട്ടാനില്ല. തൊട്ടതെല്ലാം പിഴച്ച് വിളറിവെളുത്തു നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിന്‍െറ മാനംകാത്ത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പഞ്ചാബിന്‍െറ ഗോദയില്‍ വിജയക്കൊടി പാറിച്ചത്. 75ാം ജന്മദിനം രാഷ്ട്രീയ ജീവിതത്തിലെ കറുത്തദിനമാകുമോയെന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് പടുകൂറ്റന്‍ വിജയവുമായി അമരീന്ദര്‍ കൈപ്പത്തി ഉയര്‍ത്തുമ്പോള്‍, നെടുവീര്‍പ്പിടുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. പറഞ്ഞുനില്‍ക്കാനെങ്കിലും ഒരുവിജയം സമ്മാനിച്ചതിന് കോണ്‍ഗ്രസ് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. പിറന്നാള്‍ദിന വിജയത്തിലൂടെ ക്യാപ്റ്റന്‍ നടന്നടുത്തത് മുഖ്യമന്ത്രി പദത്തിലേക്കാണ്. 

പോരാട്ടങ്ങളുടെ പിതാവ് എന്നാണ് അമരീന്ദര്‍ അറിയപ്പെടുന്നത്. ഒരു സുപ്രഭാതത്തില്‍ വീണുകിട്ടിയതല്ല ഈ പേര്. 1965ലെ ഇന്ത്യ പാക് യുദ്ധകാലത്ത് തുടങ്ങുന്നു അമരീന്ദറിന്‍െറ പോരാട്ടങ്ങളുടെ കഥ. പാട്യാല രാജകുടുംബത്തിലെ ഇളമുറക്കാരന്‍ 1963ലാണ് സൈനിക വേഷമണിയുന്നത്. എന്നാല്‍, വര്‍ഷത്തിനുശേഷം രാജിവെച്ച് വീട്ടിലത്തെി. 1965ല്‍ പാകിസ്താനുമായി യുദ്ധം തുടങ്ങിയതോടെ വീണ്ടും സൈന്യത്തില്‍ തിരിച്ചത്തെി. യുദ്ധം അവസാനിച്ചതോടെ അമരീന്ദര്‍ സൈനികക്കുപ്പായം അഴിച്ചു. 1980ഓടെയാണ് അദ്ദേഹത്തിന്‍െറ രാഷ്ട്രീയ യുദ്ധം ആരംഭിച്ചത്. ആദ്യ പോരാട്ടത്തില്‍തന്നെ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍, 1984ലെ ഓപറേഷന്‍ ബ്ളൂസ്റ്റാറില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍നിന്നും പാര്‍ലമെന്‍റില്‍നിന്നും രാജിപ്രഖ്യാപിച്ച് നാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അകാലിദളിലേക്ക് വേര് പറിച്ചുനട്ട അമരീന്ദര്‍ കൃഷി മന്ത്രിയായി നിയമസഭയിലത്തെി. 1992ല്‍ അകാലിദളിനെ ഉപേക്ഷിച്ചു. 1997ല്‍ വീണ്ടും കോണ്‍ഗ്രസിലത്തെിയ അദ്ദേഹം തൊട്ടടുത്ത വര്‍ഷം സ്വന്തം നാടായ പാട്യാലയില്‍ മത്സരിച്ചെങ്കിലും പരാജയം രുചിച്ചു. 2002ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച് മുഖ്യമന്ത്രി പദവിയിലത്തെി. 2008ല്‍ ഭൂമി ഇടപാട് കേസില്‍പെട്ട് നിയമസഭയില്‍നിന്ന് പുറത്തുപോകേണ്ടിവന്നെങ്കിലും രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സുപ്രീം കോടതി അനുകൂല വിധി പുറപ്പെടുവിച്ചു.

2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്ലിയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അമരീന്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‍െറ ബാക്കിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്നലെ കണ്ടത്. ബി.ജെ.പിയോടും ആപ്പിനോടും മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ ഭീഷണിയും മറികടന്നാണ് അമരീന്ദര്‍ മുഖ്യമന്ത്രി പദവിയിലേക്കത്തെുന്നത്. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചില്ളെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിപോലും മുഴക്കി. അമരീന്ദറിന്‍െറ വില നന്നായി മനസ്സിലാക്കിയ കോണ്‍ഗ്രസ് അദ്ദേഹത്തിന്‍െറ ഒട്ടുമിക്ക ഡിമാന്‍ഡുകളും അംഗീകരിച്ചാണ് പഞ്ചാബിലെ ഗോദയിലേക്ക് ഇറക്കിവിട്ടത്. ഏല്‍പിച്ച പണി വൃത്തിയായി ചെയ്താണ് അമരീന്ദര്‍ ഒരിക്കല്‍കൂടി പഞ്ചാബിന്‍െറ അമരക്കാരനാകുന്നത്.

Tags:    
News Summary - amarinder singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.