കൊല്ലപ്പെട്ട കുശാഗ്ര കനോഡിയ

മോചനദ്രവ്യം ചോദിച്ച് ‘അല്ലാഹു അക്ബർ’ എന്നെഴുതിയ കത്ത്; 16കാര​നെ തട്ടിക്കൊണ്ടുപോയി കൊന്ന മൂന്നുപേർ പിടിയിൽ

കാൺപൂർ: ഇന്നലെ കാണാതായ ടെക്‌സ്‌റ്റൈൽ വ്യവസായിയുടെ 16 വയസ്സുള്ള മകനെ ​കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർഥി കുശാഗ്ര കനോഡിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുശാഗ്രയുടെ ട്യൂഷൻ ടീച്ചറും പ്രതിശ്രുത വരനും അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ട്യൂഷൻ ടീച്ചർ രചിത, പ്രതിശ്രുത വരൻ പ്രഭാത് ശുക്ല, സുഹൃത്ത് അങ്കിത് എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ, പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ട് കുശാഗ്രയുടെ പിതാവ് മനീഷ് കനോഡിയക്ക് കത്തയച്ചിരുന്നു. അല്ലാഹു അക്ബർ എന്നെഴുതിയ കത്തിൽ 30 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ട്യൂഷൻ ക്ലാസിനായാണ് കുശാഗ്ര കനോഡിയ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, കുട്ടി തിരിച്ചെത്തിയില്ല. രാത്രി ഒമ്പത് മണിയോടെയാണ് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് 'അല്ലാഹു അക്ബർ' എന്നെഴുതിയ കത്ത് കുടുംബത്തിന് ലഭിച്ചത്. ആശങ്കയിലായ കുശാഗ്രയുടെ കുടുംബം ഉടൻ ട്യൂഷൻ ടീച്ചറായ രചിതയെ സമീപിച്ചു. എന്നാൽ, താൻ ഒന്നുമറിയില്ലെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറി. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ രചിതയും പ്രഭാതും വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ പണത്തിന് വേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് കണ്ടെത്തി. ഇവരു​ടെ സുഹൃത്തായ അങ്കിതുമായി ചേർന്നാണ് ഇതിന് പദ്ധതി തയ്യാറാക്കിയത്. മൂവരും ചേർന്ന് കുശാഗ്രയെ തട്ടിക്കൊണ്ടുപോയി കയർ ഉപയോഗിച്ച് തൂക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം മൃതദേഹം ഫസൽഗഞ്ച് പൊലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചു. ഇന്ന് നടത്തിയ തെരച്ചിലിൽ പൊലീസ് കുശാഗ്രയുടെ മൃതദേഹം കണ്ടെടുത്തു.

മോചനദ്രവ്യം ആവശ്യപ്പെട്ട് എഴുതിയ കത്തിലെ കൈയക്ഷരം പ്രഭാത് ശുക്ലയുടേതിന് സമാനമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കത്തിൽ ‘അല്ലാഹു അക്ബർ’ എന്ന് പരാമർശിച്ചത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് പൊലീസ് പറഞ്ഞു.  

Tags:    
News Summary - ‘Allah hu Akbar’ in ransom letter a bid to divert probe: UP cops on teen’s murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.