യു.പിയിൽ 558 എയ്ഡഡ് മദ്റസകളിൽ നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്ത് അലഹബാദ് ഹൈകോടതി

ലഖ്നോ: ഉത്തർപ്രദേശിലെ 558 എയ്ഡഡ് മദ്രസകളിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം അലഹബാദ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻ.എച്ച്.ആർ.സി) നിർദേശപ്രകാരം സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് മദ്റസകളിൽ അന്വേഷണം നടത്തിയത്. മദ്റസകൾക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് 2025 ഫെബ്രുവരി, ഏപ്രിൽ, ജൂൺ മാസങ്ങളിൽ എൻ.എച്ച്.ആർ.സി പുറപ്പെടുവിച്ച ഉത്തരവുകളുമായി ബന്ധപ്പെട്ടതാണ് കേസ്. മുഹമ്മദ് തൽഹ അൻസാരി എന്ന വ്യക്തിയാണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിലിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സരൾ ശ്രീവാസ്തവ, ജസ്റ്റിസ് അമിതാഭ് കുമാർ റായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് തൽകാലത്തേക്ക് സ്റ്റേ ചെയ്തത്. അതോടൊപ്പം കോടതി എൻ.എച്ച്.ആർ.സിക്കും പരാതിക്കാരനും നോട്ടീസ് അയക്കുകയും ചെയ്തു. കേസിൽ അടുത്ത വാദം കേൾക്കുന്നത് നവംബർ 17ലേക്ക് മാറ്റിവെച്ചു.

1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 12 എൻ.എച്ച്.ആർ.സിയുടെ അധികാരങ്ങളെ പരിമിതപ്പെടുത്തുന്നുവെന്ന് മദ്റസകൾക്കുവേണ്ടി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ ഒരു വർഷത്തിനുശേഷം ആരോപിക്കപ്പെടുന്ന ഏതെങ്കിലും ലംഘനം അന്വേഷിക്കുന്നതിൽ നിന്ന് സെക്ഷൻ 36(2) കമീഷനെ വിലക്കുന്നു.

പരാതിയിൽ നിയമലംഘനങ്ങളുടെ തീയതി വ്യക്തമായി പറയുന്നില്ലെന്നും അതിനാൽ അന്വേഷണത്തിന് സാധുവായ അടിസ്ഥാനമായി കണക്കാക്കാനാവില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ, മുഴുവൻ അന്വേഷണ ഉത്തരവുകളും നിയമവിരുദ്ധവും അസാധുവും ആയി പ്രഖ്യാപിക്കണമെന്നും മദ്റസകൾക്ക് അനുകൂലമായി സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം തുടർ നടപടികൾ തീരുമാനിക്കുന്നതിനായി നാലാഴ്ചക്കുള്ളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും കമ്മീഷനിൽ നിന്നും കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Allahabad High Court stays investigation into 558 madrasas in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.