ലക്നോ: വസ്തുതാ പരിശോധന വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാലാശ്വാസവുമായി അലഹബാദ് ഹൈകോടതി. ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തിലെ ഹിന്ദുത്വ പുരോഹിതനായ യതി നരസിംഹാനന്ദിന്റെ അനുയായികൾ നൽകിയ പരാതിയിൽ തൽക്കാലത്തേക്ക് അറസ്റ്റ് വിലക്കിയാണ് കോടതി ഉത്തരവിട്ടത്.
യതി നരസിംഹാനന്ദിന്റെ വിവാദ വിദ്വേഷപ്രസംഗത്തിന്റെ ക്ലിപ്പ് സമുഹമാധ്യമത്തിൽ പങ്കിട്ടതിനാണ് സുബൈറിനെതിരെ യു.പി.പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ‘ഇന്ത്യയുടെ പരമാധികാരവും ഐക്യവും അപകടത്തിലാക്കി’ എന്ന് ആരോപിച്ച് ഉത്തർപ്രദേശ് പൊലീസ് അലഹബാദ് ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. ‘ഭാരതീയ ന്യായ സൻഹിത’യുടെ 152ാം വകുപ്പ് ഉപയോഗിച്ചാണിത്.
തീവ്ര ഹിന്ദുത്വ ഹാൻഡിലുകളെ പൊതുവെയും സുബ്രഹ്മണ്യൻ സ്വാമിയെ പ്രത്യേകിച്ചും വിമർശിക്കുന്ന ഒരു പാരഡി പേജിന്റെ സ്ഥാപകൻ എന്ന നിലയിലാണ് സുബൈർ ആദ്യമായി ഇന്‍റർനെറ്റ് വാർത്താ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്, ഗുജറാത്ത് ആസ്ഥാനമായുള്ള അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ മുകുൾ സിൻഹയുടെ മകനായ ആക്ടിവിസ്റ്റ് പ്രതീക് സിൻഹക്കൊപ്പം അദ്ദേഹം ആൾട്ട് ന്യൂസ് ആരംഭിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുസ്‍ലിം കുട്ടിയെ തല്ലാൻ മറ്റു കുട്ടികളോട് പ്രധാനാധ്യാപിക ആജ്ഞാപിക്കുന്ന വിഡിയോ പങ്കുവെച്ചതിന് യു.പി പൊലീസ് സുബൈറിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.