ലണ്ടൻ/ ഇസ്ലാമാബാദ്: ഇന്ത്യ വിഭജനത്തോടനുബന്ധിച്ച് ഹൈദരാബാദ് നൈസാം ലണ്ടൻ ബാങ്ക് അക്കൗണ്ടിൽ നടത്തിയ വൻ നിക്ഷേപവുമായി ബന്ധപ്പെട്ട ഇന്ത്യ-പാക് കേസിൽ ഇന്ത്യക്ക് അനുകൂലമായി യു.കെ ഹൈകോടതി വിധി. കേസിൽ നൈസാമിെൻറ ഇപ്പോഴത്തെ പിന്മുറക്കാരനും എട്ടാമത്തെ നൈസാമുമായ പ്രിൻസ് മുകർറം ഝായും സഹോദരൻ മുഫഖം ഝായും ഇന്ത്യയോടൊപ്പമാണ് നിലകൊണ്ടത്.
ലണ്ടനിലെ നാറ്റ് വെസ്റ്റ് ബാങ്കിലുള്ള മൂന്നര കോടി പൗണ്ട് നിക്ഷേപവുമായി (306 കോടി രൂപ) ബന്ധപ്പെട്ടതാണ് കേസ്. ഈ തുക എട്ടാമത്തെ നൈസാമിനും ഇന്ത്യക്കും അവകാശപ്പെട്ടതാണെന്ന് ജസ്റ്റിസ് മാർക്യൂസ് സ്മിത്ത് വിധിച്ചു. ഇതുമായി ബന്ധപ്പെട്ട് പാകിസ്താെൻറ വാദങ്ങളെല്ലാം കോടതി തള്ളി.
1948ൽ അന്നത്തെ ഹൈദരാബാദ് നൈസാം 1,007,940 പൗണ്ടും ഒമ്പത് ഷില്ലിങ്ങും പുതുതായി രൂപംകൊണ്ട പാകിസ്താെൻറ ബ്രിട്ടനിലെ ഹൈകമീഷണർക്ക് കൈമാറിയിരുന്നു. ഇതാണ് മൂന്നര കോടി പൗണ്ടായി മാറിയത്. ഈ തുക തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നൈസാമിെൻറ പിൻമുറക്കാർ ഇന്ത്യയുടെ പിന്തുണയോടെ വാദിച്ചു. എന്നാൽ, തുക തങ്ങളുെടതാണെന്ന് പാകിസ്താനും അവകാശം ഉന്നയിച്ചു.
ആരാണ് തുകയുടെ യഥാർഥ അവകാശിയെന്നതിൽ വ്യക്തതവേണമെന്ന് യു.കെ കോടതി ഈ വർഷം ആദ്യം വിചാരണ വേളയിൽ പറഞ്ഞിരുന്നു. ഹൈദരാബാദ് നൈസാം ആയിരുന്ന ഉസ്മാൻ അലി ഖാന് വിഭജനവേളയിൽ ഏത് രാജ്യത്തിനൊപ്പം നിൽക്കണമെന്ന ആശയക്കുഴപ്പുമുള്ള സമയത്താണ് ഫണ്ട് കൈമാറുന്നത്.
എന്നാൽ, പിന്നീട് ഈ തുക അദ്ദേഹം തിരിച്ചു ചോദിച്ചിരുന്നത്രെ. അന്നത്തെ പാക് ഹൈകമീഷണർ ഹബീബ് ഇബ്രാഹിം റഹ്മത്തുല്ലയുടെ അക്കൗണ്ടിലെ തുക പിന്നീട് നാറ്റ്വെസ്റ്റ് ബാങ്ക് തടഞ്ഞുവെക്കുകയായിരുന്നു. ഹൈദരാബാദിന് ആയുധം നൽകിയതിനുള്ള തുകയാണിതെന്ന പാക് വാദത്തിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. വിധി വിലയിരുത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പാകിസ്താൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.