മദൻ ദിലാവർ
ജയ്പൂർ: മുഗൾ ചക്രവർത്തി അക്ബർ ബലാത്സംഗവീരനും ആക്രമണകാരിയും കൊള്ളക്കാരനുമായിരുന്നുവെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. സംസ്ഥാന നിയമസഭയിൽ ചർച്ചക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു വിവാദ പരാമർശം.
"രാജ്യത്തെ മഹാന്മാരെക്കുറിച്ച് പഠിപ്പിച്ചിരുന്ന കാര്യങ്ങൾ ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. മഹാറാണ പ്രതാപിനെ അവർ ചെറുതാക്കാൻ ശ്രമിച്ചു. 'മീന ബസാർ' സ്ഥാപിച്ചിരുന്ന അക്ബർ ബലാത്സംഗവീരനും, അധിനിവേശക്കാരനും, കൊള്ളക്കാരനുമായിരുന്നു. അദ്ദേഹത്തെ മഹാനെന്ന് വിളിച്ചു. ഇത് നമ്മുടെ രാജ്യത്തിനും, നമ്മുടെ മഹാന്മാർക്കും അപമാനമായിരുന്നു. ഇത് സഹിക്കാൻ കഴിയില്ല" - മദൻ ദിലാവർ പറഞ്ഞു.
ചില എം.എൽ.എമാർ മദൻ ദിലാവറിന്‍റെ അഭിപ്രായത്തെ എതിർത്തപ്പോൾ, അക്ബർ നിങ്ങൾക്ക് ആരാണെന്ന് മന്ത്രി ചോദിച്ചു. ഔറംഗസേബ് എണ്ണമറ്റ ഹിന്ദുക്കളെ കൊന്നു, നൂറുകണക്കിന് ക്ഷേത്രങ്ങൾ തകർത്തു. ഹിന്ദുക്കളുടെ മേൽ നികുതി ചുമത്തി. എന്നാൽ, യാഥാർഥ്യം രാജ്യത്തെ വിദ്യാർഥികളിൽ നിന്ന് മറച്ചുവെക്കുകയും വർഷങ്ങളോളം പഠിപ്പിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
സ്കൂളിൽ പഠിക്കുമ്പോൾ അക്ബർ മഹാനായിരുന്നു എന്ന് വായിച്ചിരുന്നു. ഇതേ രീതിയിൽ പഠിച്ചിട്ടുമുണ്ട്. പക്ഷേ, അക്ബർ സുന്ദരികളായ പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിലാവർ അക്ബറിനെതിരെ വിമർശനം ഉന്നയിക്കുന്നത് ആദ്യമായല്ല. അക്ബർ "ബലാത്സംഗകനാണെന്നും" അദ്ദേഹത്തിന്റെ പേര് ഇന്ത്യയിൽ ഉപയോഗിക്കുന്നത് പാപമാണെന്നും കഴിഞ്ഞ വർഷവും മദൻ ദിലാവർ പറഞ്ഞിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.