അജ്​മീർ സ്​ഫോടനം: കുറ്റവിമുക്തരാക്കിയത് ഗൂഢാലോചന ആര്‍.എസ്.എസിലെത്തിച്ചുവെന്ന് പൊലീസ് കണ്ടെത്തിയവരെ

ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരര്‍ നടത്തിയ അജ്മീര്‍ സ്ഫോടനക്കേസില്‍ ജയ്പുര്‍ കോടതി കുറ്റവിമുക്തരാക്കിയത് ഗൂഢാലോചനയെ ആര്‍.എസ്.എസ് നേതൃത്വവുമായി ബന്ധിപ്പിച്ച കണ്ണികളെ. സ്ഫോടനത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ ചൂണ്ടിക്കാട്ടിയ ആര്‍.എസ്.എസ് ഉന്നത നേതാവ് ഇന്ദ്രേഷ്് കുമാറിനെ കേസുമായി ബന്ധപ്പെടുത്തിയ പ്രതികളെയെല്ലാം ജയ്പുര്‍ കോടതി കുറ്റമുക്തരാക്കി.

ജയ്പുര്‍ കോടതി കുറ്റക്കാരനാണെന്ന് വിധിച്ച കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയുമായി സ്വാമി അസീമാനന്ദ കൂടിക്കാഴ്ച നടത്തിയതിന് സാക്ഷിയായ  ഭരത് മോഹന്‍ലാല്‍ രാധേശ്വര്‍ ആണ്  കുറ്റമുക്തനായ ഒരാള്‍.
സ്വാമി അസിമാനന്ദയെ കൂടാതെ ആര്‍.എസ്.എസ് ഉന്നത നേതാവ് ഇന്ദ്രേഷ് കുമാറിനും ഹിന്ദുത്വ ഭീകരാക്രമണങ്ങളിലുള്ള പങ്ക് സംബന്ധിച്ച മൊഴി ഭരത് രാധേശ്വര്‍ അന്വേഷണ ഏജന്‍സികളായ മഹാരാഷ്ട്ര, രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്ക്വാഡ്, ദേശീയ അന്വേഷണ ഏജന്‍സി, സി.ബി.ഐ എന്നിവക്ക് നല്‍കിയിരുന്നു.
2006ലും 2008ലും നടന്ന മാലേഗാവ് സ്ഫോടനങ്ങള്‍, 2007ലെ മക്ക മസ്ജിദ് സ്ഫോടനം, അജ്മീര്‍ സ്ഫോടനം, സംഝോത സ്ഫോടനം, 2008ലെ മൊദാസ സ്ഫോടനം എന്നിവയിലെ ആര്‍.എസ്.എസ് ബന്ധം ഈ ഏജന്‍സികളാണ് അന്വേഷിച്ചിരുന്നത്. രാജ്യത്തെ വിവിധ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ ഭീകര ശൃംഖലയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു ഭരത് ഭായിയുടെ സുപ്രധാന മൊഴി.

സ്വാമി അസിമാനന്ദയുമായി 1999ലാണ് ഭരത് രാധേശ്വര്‍ ആദ്യമായി ബന്ധപ്പെടുന്നത്്. ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി മധ്യപ്രദേശില്‍ കൊല്ലപ്പെട്ട വാര്‍ത്ത കേട്ട ശേഷം താന്‍ സ്വാമി അസിമാനന്ദയുമായി സംസാരിച്ചുവെന്നും ഇവയെല്ലാം ഇന്ദ്രേഷ്ജിയുടെ (ഇന്ദ്രേഷ്കുമാര്‍) പ്രവൃത്തിയാണെന്ന് അദ്ദേഹം അപ്പോള്‍ പറഞ്ഞുവെന്നുമായിരുന്നു രാധേശ്വറിന്‍െറ മൊഴി. അജ്മീര്‍ സ്ഫോടനത്തില്‍ പങ്കാളികളായവരുമായി 2007ല്‍ താന്‍ നിരന്തര ബന്ധത്തിലായിരുന്നെന്നും ഗുജറാത്തിലെ തന്‍െറ വീട്ടില്‍ സന്യാസിനി പ്രജ്ഞ സിങ്, സ്വാമി അസിമാനന്ദ, സുനില്‍ ജോഷി എന്നിവര്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നെന്നും ഈ മൊഴിയിലുണ്ട്.
അജ്മീര്‍ സ്ഫോടനത്തിന്‍െറ ആസൂത്രണം പുറത്താകുമെന്ന് ഭയന്നാണ് സംഭവത്തിന് പിറകെ തെളിവ് നശിപ്പിക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സുനില്‍ ജോഷിയെ കൊലപ്പെടുത്തിയത്.

Tags:    
News Summary - ajmeer blast case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.