അജിത് പവാർ ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്, ബി.ജെ.പിയിൽ ചേരുന്നവരുടെ ഫയലുകൾ ഇ.ഡി കബോർഡിൽ സൂക്ഷിക്കുമെന്ന് ശരദ് പവാർ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവെച്ച് അജിത് പവാർ പുതിയ മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ സംസ്ഥാന രാഷ്ട്രീയത്തിൽ അശാന്തത പടരുന്നു. അടുത്ത രണ്ടാഴ്ചക്കിടെ രണ്ടു വലിയ രാഷ്ട്രീയ വികാസങ്ങൾ പ്രതീക്ഷിക്കാമെന്ന് വാൻചിത് ബഹുജൻ അഘാഡി നേതാവ് പ്രകാശ് അംബേദ്കർ പറഞ്ഞു.

ശിവസേനയുടെ സഞ്ജയ് റാവുത്തും ഇത്തരത്തിൽ വലിയ സംഭവ വികാസങ്ങൾ നടക്കാൻ പോകുന്നുവെന്ന് സാമ്നയിൽ എഴുതുന്ന കോളത്തിൽ വ്യക്തമാക്കി. ഉദ്ധവ് താക്കറെയും എൻ.സി.പി നേതാവ് ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചും കോളത്തിൽ പറയുന്നുണ്ട്.

ആരും സ്വമനസാലെ പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, കുടുംബത്തെ ലക്ഷ്യം വെക്കുമ്പോൾ, ആരെങ്കിലും അത്തരമൊരു തീരുമാനമെടുക്കുകയാണെങ്കിൽ അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. ബി.ജെ.പിയുമായി കൈകോർക്കുകയെന്നത് പാർട്ടി തീരുമാനമല്ല. എൻ.സി.പി ബി.ജെ.പിയെ പിന്തുണക്കുന്നില്ല എന്ന് പവാർ ഉദ്ധവ് താക്കറെയോടും സഞ്ജയ് റാവുത്തിനോടും പറഞ്ഞതായി റാവുത്ത് വ്യക്തമാക്കി.

അജിത് പവാറും 35 എൻ.സി.പി എം.എൽ.എമാരും പാർട്ടി മാറി ബി.ജെ.പിയിൽ ചേരുമെന്നും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്നും വാർത്തകൾ ​പ്രചരിക്കുന്നു. എന്നാൽ എൻ.സി.പി എം.എൽ.എമാർ ശരദ് പവാറി​ന്റെ അനുവാദമില്ലാതെ ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും ബി.ജെ.പിയിൽ ചേരുകയാണെങ്കിൽ അത് അവരുടെ രാഷ്ട്രീയ ആത്മഹത്യയായിരിക്കുമെന്ന് ശരദ് പവാർ പറഞ്ഞതായി റാവുത്ത് കൂട്ടിച്ചേർത്തു.

കേന്ദ്ര ഏജൻസികളെ ഭയന്ന് ആരെങ്കിലും ബി.ജെ.പിയിൽ ചേർന്നാൽ ഇ.ഡിയുടെ മുന്നിലെ മേശയിലുള്ള ഫയലുകൾ കബോർഡിലേക്ക് മാറ്റി സൂക്ഷിക്കുമെന്ന് ശരദ് പവാർ പറഞ്ഞതായും റാവുത്ത് കൂട്ടിച്ചേർത്തു.  

Tags:    
News Summary - Ajit Pawar has made up his mind, says Sena’s Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.