വിജയ്
വിജയ് നായകനായെത്തുന്ന അവസാന ചിത്രം ജനനായകൻ പ്രതിസന്ധികൾക്കിടയിൽ വലയുകയാണ്. അതിനിടയിലാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ ഉൾപ്പടെ പല ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിനു പിന്നിൽ പ്രവർത്തിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ പ്രചരിക്കുന്ന വ്യാജ പതിപ്പ് ഇപ്പോഴും പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പ്രാദേശിക കേബിൾ ടി.വി ചാനലിൽ സിനിമ അനധികൃതമായി സംപ്രേഷണം ചെയ്ത സംഭവത്തിൽ ചാനൽ ഉടമ അറസ്റ്റിലായി. കോയമ്പത്തൂരിലെ രാശി പ്രൈം മൂവി എന്ന ചാനലിന്റെ ഉടമയും കരുമത്തംപെട്ടി സ്വദേശിയുമായ എസ്. പളനിസ്വാമിയെയാണ് (44) പൊലീസിന്‍റെ പ്രത്യേക സംഘം പിടികൂടിയത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ (ടി.വി.കെ) പരാതിയെത്തുടർന്നാണ് നടപടി.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അനുമതി കാത്തിരിക്കുന്ന ചിത്രം കഴിഞ്ഞ ഏപ്രിൽ 11നാണ് പളനിസ്വാമിയുടെ ഉടമസ്ഥതയിലുള്ള ചാനലിലൂടെ സംപ്രേഷണം ചെയ്തത്. ചിത്രം ഇതുവരെ തിയറ്ററുകളിലോ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ ഔദ്യോഗികമായി റിലീസ് ചെയ്തിട്ടില്ല.
ടി.വി.കെ കോയമ്പത്തൂർ ഈസ്റ്റ് യൂണിറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹനപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ എസ്പി കെ. കാർത്തികേയൻ രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. നിയമവിരുദ്ധമായി സിനിമയുടെ കോപ്പി കൈക്കലാക്കി പൊതുജനങ്ങൾക്ക് പ്രദർശിപ്പിച്ചു എന്ന് പൊലീസ് സ്ഥിരീകരിച്ചു. പളനിസ്വാമിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംപ്രേഷണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടർ, അഞ്ച് ഹാർഡ് ഡിസ്കുകൾ എന്നിവ പിടിച്ചെടുക്കുകയും ചാനൽ ഓഫീസ് സീൽ ചെയ്യുകയും ചെയ്തു.
'ജനനായകനിൽ നിന്ന് ചോർന്ന ദൃശ്യങ്ങൾ നിയമവിരുദ്ധമായി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഇതിനകം 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ ഏതെങ്കിലും രൂപത്തിൽ ചോർന്ന ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും കണ്ടെത്തി ഉടനടി ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാക്കും. കർശന നടപടി ഈ കാര്യത്തിൽ സ്വീകരിക്കുന്നതാണ്' നിർമാതാക്കൾ എക്സിൽ കുറിച്ചു.
എച്ച്. വിനോദ് സംവിധാനം ചെയ്ത സിനിമയുടെ ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, ഗാനരംഗങ്ങൾ എന്നിവയുടെ എച്ച്.ഡി പതിപ്പുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ പല ഭാഗങ്ങൾ കട്ട് ചെയ്ത് ക്ലിപ്പുകളായാണ് പ്രചരിക്കുന്നത്. സെൻസർ നടപടികൾ പൂർത്തിയാകാത്ത പശ്ചാത്തലത്തിൽ ഇത്തരമൊരു ചോർച്ച സംഭവിച്ചത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.