ട്രെയിൻ തട്ടി മരിച്ചയാളെ കാണാൻ ഇറങ്ങിയ നാലുപേർ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ബുധനാഴ്ച വൈകുന്നേരം പച്ച്ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി അഞ്ചുപേർ മരിച്ചു. ട്രെയിൻ തട്ടി ഒരാൾ മരിച്ചതറിഞ്ഞ് അന്വേഷിക്കാൻ ട്രെയിനിൽ നിന്നും ഇറങ്ങിയ യാത്രക്കാരായ നാലുപേരെ എതിരെ വന്ന മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു.

കൽക്ക എക്സ്പ്രസാണ് ആദ്യം മരണപ്പെട്ട വ്യക്തിയെ ഇടിച്ചത്. തുടർന്ന് ഈ ട്രെയിൻ ഇവിടെ പിടിച്ചിട്ടു. ഇതിലെ ചില യാത്രക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പാളത്തിലേക്ക് ചാടി ഇറങ്ങി. ഇതിനിടെ, എതിർ ദിശയിൽ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. ഈ സമയം ഇതിലൂടെ കടന്നുവന്ന പുരുഷോത്തം എക്സ്പ്രസ് നാല് പേരെ ഇടിക്കുകയും സംഭവസ്ഥലത്ത് തന്നെ അവർ മരിക്കുകയും ചെയ്തു.

ട്രെയിനിന്റെ ജനറൽ കോച്ചുകളിൽ നിന്ന് യാത്രക്കാർ ഇറങ്ങി ട്രാക്കിൽ നിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ (സി.പി.ആർ.ഒ) ശശികാന്ത് ത്രിപാഠി പറഞ്ഞു. അപകടം കാരണം ഹൗറ-ഡൽഹി റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു.

ബിഹാറിലെ സിവാൻ സ്വദേശിയായ ബലിറാം ഭഗത്, മിർസാപൂരിലെ നീബി സ്വദേശിയായ സുനിൽ കുമാർ, ഫിറോസാബാദിലെ ഖൈർഗഢ് സ്വദേശിയായ ആകാശ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ അപകടത്തിൽ മരിച്ച മറ്റ് രണ്ട് യാത്രക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - Man hit by train, passengers out to check run over by another

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.