നരേന്ദ്ര മോദിയുടെ നഗർകോവിലിലെ റോഡ് ഷോ
നാഗർകോവിൽ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാഗർകോവിലിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. കന്യാകുമാരി, തെൻകാശി, തിരുനെൽവേലി ജില്ലകളിൽ നിന്ന് എൻ.ഡി.എ സംഖ്യത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർത്ഥിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗർകോവിലിൽ റോഡ് ഷോ നടത്തിയത്.
തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.45ന് നാഗർകോവിൽ ഏ.ആർ. ക്യാമ്പിൽ എത്തിയ മോദി റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന വേപ്പമൂട് ജങ്ഷനിലെ കാമരാജർ ശിലയരുകെ എത്തി. ഇവിടെ നിന്നും തുറന്ന വാഹനത്തിൽ റോഡ് ഷോ ആരംഭിച്ചു മോദിക്കൊപ്പം എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പഴനി സ്വാമി, ബി.ജെ.പി തമിഴ്നാട് പ്രസിഡൻ്റ് നയിനാർ നാഗേന്ദ്രൻ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ പൊൻ. രാധാകൃഷ്ണൻ, അണ്ണാമല എന്നിവരും വാഹനത്തിൽ ഉണ്ടായിരുന്നു.
പ്രധാനമന്ത്രിയെ കാണാനെത്തിയ പ്രവർത്തകർ റോഡിനിരുവശത്ത് നിന്നും റോസാ പൂക്കൾ വാരിവിതറി മോദിയെ സ്വീകരിച്ചു. ഇതിനായി മൂന്ന് ടൺ റോസാപൂക്കളാണ് ഹൊസൂരിൽ നിന്നും കൊണ്ട് വന്നത്. തുടർന്ന് അദ്ദേഹം അണ്ണാ സ്റ്റേഡിയത്തിനരികിലുള്ള അംബേദ്കർ ശിലയിലും വടശ്ശേരി ജങ്ഷനിൽ ഉള്ള അണ്ണാദുരൈയുടെ പ്രതിമയിലും എം.ജിആർ ശിലയിലും പുഷ്പാർച്ചന നടത്തിയ ശേഷം വൈകുന്നേരം 5.15ന് റോഡ് ഷോ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.