പി.ടി.ഐ പങ്കുവെച്ച വിനോദ് കാംബ്ലിയുടെ ഫോട്ടോ

ആരോഗ്യനിലയിൽ ആശങ്ക വിട്ടൊഴിയാതെ വിനോദ് കാംബ്ലി; തലച്ചോറിൽ രക്തം കട്ടപിടിച്ചത് സ്‌ട്രോക്കിന് കാരണമായേക്കാമെന്ന് മുന്നറിയിപ്പ്

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ വീണ്ടും ആശങ്ക. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് കാംബ്ലി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുൻ ഫസ്റ്റ് ക്ലാസ് അമ്പയറുമായ മാർക്കസ് കൂട്ടോ വെളിപ്പെടുത്തി. നിലവിൽ പ്രശസ്ത ന്യൂറോ സർജൻ ഡോ. ആദിൽ ചഗ്ലയുടെ നിരീക്ഷണത്തിലാണ് കാംബ്ലി.

തലച്ചോറിലെ രക്തം കട്ടപിടിച്ചതുമൂലം കാംബ്ലി കടുത്ത ഓർമ്മക്കുറവ് നേരിടുന്നുണ്ട്. കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുന്ന അവസ്ഥയിലാണ് അദ്ദേഹമെന്നും സുഹൃത്തുക്കൾ പറയുന്നു. മദ്യപാന ശീലം പൂർണ്ണമായും ഉപേക്ഷിച്ചെങ്കിലും കാംബ്ലി ഇപ്പോഴും പുകവലിക്കുന്നത് ഡോക്ടർമാരെ ആശങ്കയിലാക്കുന്നു. പുകവലി തുടരുന്നത് തലച്ചോറിൽ സ്‌ട്രോക്കിനുള്ള (Brain Stroke) സാധ്യത വർധിപ്പിക്കുമെന്ന് ഡോക്ടർമാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷെ ഇതൊന്നും വകവെക്കാതെ പുകവലി തുടരുകയാണ് കാംബ്ലിയെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.

നടക്കാൻ പ്രയാസമുള്ളതിനാൽ നിലവിൽ ഊന്നുവടിയുടെ സഹായത്തോടെയാണ് അദ്ദേഹം സഞ്ചരിക്കുന്നത്. എന്നാലും ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കഴിഞ്ഞ ദിവസം ശിവാജി പാർക്കിൽ നടന്ന ഒരു ഐസ്ക്രീം പരസ്യത്തിൽ കാംബ്ലി അഭിനയിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ടെന്ന് സുഹൃത്തുക്കൾ കരുതുന്നു.

നേരത്തെ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം ഒരു പൊതുവേദിയിൽ എത്തിയപ്പോൾ കാംബ്ലി അവശനായി കാണപ്പെട്ടത് വലിയ ചർച്ചയായിരുന്നു. സുനിൽ ഗവാസ്കർ, കപിൽ ദേവ് തുടങ്ങിയ പ്രമുഖ താരങ്ങളും കാംബ്ലിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ പങ്കാളികളാണ്. എങ്കിലും പൂർണ്ണ ആരോഗ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ മടക്കം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.

Tags:    
News Summary - Vinod Kambli remains concerned about his health; warns that a blood clot in his brain could cause a stroke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.