ന്യൂഡൽഹി: വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളിൽ കാതലായ മാറ്റം വരുത്താനൊരുങ്ങി വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡി.ജി.സി.എ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ അധികപണം ഈടാക്കാതെ ടിക്കറ്റ് റദ്ദാക്കാനും യാത്രാ തീയതി മാറ്റാനും സാധിക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ടിക്കറ്റ് റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട വ്യാപക പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടിവരുന്നത്.
വിമാനക്കമ്പനിയുടെ വെബ്സൈറ്റ് മുഖേന നേരിട്ടല്ലാതെ ട്രാവൽ ഏജന്റ് വഴിയോ ഓൺലൈൻ പോർട്ടൽ ഉപയോഗിച്ച് ബുക്കിങ് നടത്തിയാലോ റീഫണ്ടിങ്ങിന്റെ ഉത്തരവാദിത്തം വിമാനക്കമ്പനിക്ക് തന്നെയായിരിക്കും. 21 ദിവസത്തിനുള്ളിൽ റീഫണ്ട് പ്രക്രിയ പൂർത്തിയായതായി വിമാനക്കമ്പനികൾ ഉറപ്പ് വരുത്തണം.
അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ പുറപ്പെടേണ്ട ആഭ്യന്തര വിമാന യാത്രക്കും 15 ദിവസത്തിനുള്ളിൽ പുറപ്പെടേണ്ട അന്താരാഷ്ട്ര വിമാന യാത്രകൾക്കും മാറ്റം ബാധകമാവില്ല. കരട് രേഖയിൽ വിമാനക്കമ്പനികളിൽനിന്ന് നവംബർ 30 വരെ അഭിപ്രായം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.