ന്യൂഡൽഹി: അഹ്മദാബാദിലെ വിമാനാപകടത്തെ തുടർന്ന് താൽകാലികമായി നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ. ആഗസ്റ്റ് ഒന്ന് മുതൽ അന്താരാഷ്ട്ര സർവീസുകളാണ് ആരംഭിക്കുക. ഒക്ടോബർ ഒന്നോടെ സർവീസുകളെല്ലാം പൂർണമായും പുനസ്ഥാപിക്കും.
ജൂൺ 12നാണ് അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകർന്ന് മലയാളി ഉൾപ്പെടെ 270 പേർ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായ 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചിരുന്നു. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രികരല്ലാത്ത 29 പേരും മരിച്ചു.
തകർന്നുവീണ വിമാനത്തിലോ എൻജിനിലോ സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്തിനായിട്ടില്ലെന്നും എല്ലാ നിർബന്ധിത അറ്റകുറ്റപ്പണികളും പൂർത്തിയാരുന്നുവെന്നും എയർ ഇന്ത്യ സി.ഇ.ഒയും എം.ഡിയുമായ കാംബെൽ വിൽസൺ പറഞ്ഞു.
വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എ.എ.ഐ.ബി)യുടെ പ്രാഥമിക റിപ്പോർട്ടിൽ ആണ് കാംബലിന്റെ അവകാശവാദം. വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ശനിയാഴ്ച പുറത്തിറക്കി.
പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിലോ എൻജിനുകളിലോ സാങ്കേതികമായതോ അല്ലെങ്കിൽ അറ്റകുറ്റപ്പണി സംബന്ധമായതോ ആയ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ നിർബന്ധിത അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയാണെന്നും എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച സന്ദേശത്തിലും വിൽസൺ പറഞ്ഞു.
‘ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ ഒരു പ്രശ്നവുമില്ല. ടേക്ക് ഓഫിൽ ഒരു അസാധാരണത്വവുമില്ല. പൈലറ്റുമാർ നിർബന്ധിത പ്രീ ഫ്ലൈറ്റ് ബ്രെത്ത്അനലൈസർ പാസായിരുന്നു. അവരുടെ മെഡിക്കൽ നിലയെക്കുറിച്ച് പ്രത്യേകമായ നിരീക്ഷണവും വേണ്ടിവന്നില്ല- അദ്ദേഹം പറഞ്ഞു. കൂടാതെ, അത്യധികം ജാഗ്രതയോടെയും റെഗുലേറ്റർ ഡി.ജി.സി.എയുടെ മേൽനോട്ടത്തിലും തങ്ങളുടെ ഫ്ലീറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ബോയിങ് 787 വിമാനങ്ങളും അപകടം നടന്ന് ദിവസങ്ങൾക്കുള്ളിൽ പരിശോധിച്ചുവെന്നും എല്ലാം സർവിസിന് അനുയോജ്യമാണെന്ന് കണ്ടെത്തിയെന്നും വിൽസൺ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിന് ഉദ്യോഗസ്ഥരീമായി എയർലൈൻ സഹകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
AI171 വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം ഒരു സെക്കൻഡിനുള്ളിൽ വിച്ഛേദിക്കപ്പെട്ടുവെന്നും ഇത് കോക്ക്പിറ്റിൽ ആശയക്കുഴപ്പമുണ്ടാക്കുകയും വിമാനം പറന്നുയർന്ന ഉടൻ തന്നെ നിലത്തേക്ക് വീഴുകയും ചെയ്തുവെന്ന് എ.എ.ഐ.ബി റിപ്പോർട്ട് പറയുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിങിൽ ഒരു തിരിച്ചറിയാത്ത പൈലറ്റ് മറ്റേയാളോട് എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയത് എന്ന് ചോദിച്ചതായും മറ്റേയാൾ അത് നിഷേധിച്ചതായും 15 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മാസം തകർന്നുവീണ AI171 വിമാനത്തിലെ ജീവനക്കാർ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അവരുടെ പരിശീലനത്തിനും ഉത്തരവാദിത്തങ്ങൾക്കും അനുസൃതമായി പ്രവർത്തിച്ചുവെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പൈലറ്റുമാരെ അധിക്ഷേപിക്കരുതെന്നും ഞായറാഴ്ച ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷൻ പ്രസ്താവനയിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.