ജന്തർ മന്തർ പ്രക്ഷോഭത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് പൊലീസ് മോശമായി പെരുമാറി; അമിത് ഷാ മറുപടി പറയണ​മെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് പൊലീസ് ലൈംഗികമായി മോശമായി പെരുമാറിയെന്ന് ആരോപണം. സംഭവത്തിൽ പൊലീസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോക്രോച് ജനതാ പാർട്ടി, ഐസ നേതാക്കളും രംഗത്തെത്തി.

പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ മണിക്കൂറുകളോളം പ്രതിഷേധിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാൽ അമിത് ഷാ വിഷയത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നൂറുകണക്കിന് മാധ്യമപ്രവർത്തകർ മണിക്കൂറുകളോളം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് രാഹുൽ ഗാന്ധി എക്സിലെ കുറിപ്പിൽ ആരോപിച്ചു. ശനിയാഴ്ച ജന്തർ മന്തറിൽ നൂറുകണക്കിന് പേരെ കസ്റ്റഡിയിലെടുത്തതായും വനിതാ പ്രതിഷേധക്കാരോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തകരെ വലിച്ചിഴച്ചെന്നും കാമറകൾ പിടിച്ചെടുത്തെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ജന്തർ മന്തറിൽ ഒരു വനിതാ പത്രപ്രവർത്തക പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ​തായി ആരോപിച്ചു. മണിക്കൂറുകളായി, നൂറുകണക്കിന് പത്രപ്രവർത്തകർ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുക എന്ന ആവശ്യം ഉന്നയിച്ച് അവിടെ ഇരിക്കുകയാണ്. അത് പൊലീസിന്റെ അടിസ്ഥാന കടമയല്ലേ? അവർ അത് പോലും ചെയ്തിട്ടില്ല. കാമറകൾ പിടിച്ചുവാങ്ങി, മാധ്യമപ്രവർത്തകരെ വലിച്ചിഴച്ചു. ഇത് ആദ്യമായല്ല പൊലീസ് ഉദ്യോഗസ്ഥർ സ്ത്രീകളോട് മോശമായി പെരുമാറു​ന്നത്. വിഡിയോ തെളിവുകൾ ഞങ്ങൾ മുമ്പ് കണ്ടിട്ടുണ്ട്. ഒരു സ്ത്രീയുടെ പരാതി പോലും രജിസ്റ്റർ ചെയ്യാൻ ഭയപ്പെടുന്ന ഒരു സർക്കാർ, അത് യഥാർഥത്തിൽ എന്താണ് സംരക്ഷിക്കുന്നത്? ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. അമിത് ഷാ ജി, നിങ്ങൾ എവിടെയാണ്? ഇതിന് നിങ്ങൾ ഉത്തരം നൽകണം’ -രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറുകയും സ്പർശിക്കുകയും ചെയ്തതായി വനിതാ മാധ്യമപ്രവർത്തക വെളിപ്പെടുത്തിയിരുന്നു. എ.സി.പി വിവേക് ഭഗതാണ് മോശമായി പെരുമാറിയതെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. പരാതിയുമായി സമീപിച്ചപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ലെന്ന് സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ ആരോപിച്ചു.

പ്രതിഷേധത്തിനിടെ വനിതാ പ്രതിഷേധക്കാരോടും മാധ്യമപ്രവർത്തകരോടും അഭിഭാഷകരോടും പുരുഷ പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് അഖിലേന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷനും ആരോപിച്ചു. നിരവധി വനിതകൾ മോശമായി സ്പർശിച്ചതായി പരാതിപ്പെട്ടിട്ടുണ്ടെന്നും സംഘടന അവകാശപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു ജന്തർ മന്തറിൽ പ്രതിഷേധം നടന്നത്. വോട്ടർപട്ടികയിലെ സ്പെഷൽ ഇന്റൻസീവ് റിവിഷൻ നടപടികളിലെ ക്രമക്കേടുകളും വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഡൽഹിയിലും മുംബൈയിലും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമായിരുന്നു. ഒക്ടോബർ മൂന്നിന് ജന്തർ മന്തറിലേക്ക് പ്രതിഷേധവുമായി എത്തിയ നൂറുകണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു. 

Tags:    
News Summary - Rahul Gandhi CJP claim cop woman female journalist at Jantar Mantar protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.