(പ്രതീകാത്മക ചിത്രം)  

ആരോഗ്യനില വഷളായിട്ടും ബസ്സിൽനിന്ന് ഇറക്കിവിട്ടു; സഹായത്തിന് കേണ് റോഡിൽ മരണം

ഭുവനേശ്വർ: ആശുപത്രിയിൽനിന്ന് ബസിൽ വീട്ടിലേക്ക് മടങ്ങവെ ആരോഗ്യനില വഷളായ സ്ത്രീ സഹായം ലഭിക്കാതെ റോഡരികിൽ മരണത്തിന് കീഴടങ്ങി. ഒഡീഷയിലെ ഭുവനേശ്വറിലാണ് ദാരുണ സംഭവം.

ഭുവനേശ്വർ എയിംസിലെ ചികിത്സക്ക് ശേഷം ബെർഹാംപൂരിലേക്ക് ബസിൽ പോകുകയായിരുന്നു പദ്മത്തോല ഗ്രാമവാസിയായ 50കാരി രുനു സ്വൈനും മകൻ സുജിത്തും. യാത്രക്കിടെ രുനുവിന്‍റെ ആരോഗ്യനില വീണ്ടും വഷളായി. സമീപത്തെ ഏതെങ്കിലും ആശുപത്രിയിലേക്ക് ബസ് വിടാൻ ഡ്രൈവറോടും കണ്ടക്ടറോടും സുജിത്ത് കേണപേക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. മാത്രമല്ല, രുനുവിനെയും സുജിത്തിനെയും ഡ്രൈവറും കണ്ടക്ടറും ചേർന്ന് റോഡിൽ ഇറക്കി വിടുകയും ചെയ്തു.

ഗൻജം നഗരത്തിന് നാലു കിലോമീറ്റർ മാത്രം അകലെ എൻ.എച്ച് 16ലാണ് ഇരുവരെയും ഇറക്കിവിട്ടത്. ആശുപത്രിയിലേക്ക് ആംബുലൻസ് വിളിക്കാനുള്ള പണമൊന്നും സുജിത്തിന്‍റെ പക്കൽ ഉണ്ടായിരുന്നില്ല. സഹായത്തിനായി സുജിത് എല്ലാവരോടും അപേക്ഷിച്ചെങ്കിലും ആരും ഗൗനിച്ചില്ല.

ഒടുവിൽ സംഭവമറിഞ്ഞ് പൊലീസ് എത്തി രുനുവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വേഗത്തിൽ ആശുപത്രിയിലെത്താൻ സാധിച്ചിരുന്നെങ്കിൽ തന്‍റെ അമ്മയെ നഷ്ടപ്പെടില്ലായിരുന്നെന്ന് സുജിത്ത് പറഞ്ഞു. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗൻജം പൊലീസ് സ്റ്റേഷൻ ഇൻചാർജ് പറഞ്ഞു.

Tags:    
News Summary - Ailing Woman Forced To Get Off Bus and Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.