അഹ്മദാബാദ് വിമാനാപകടം; ഉന്നതതല യോഗം തിങ്കളാഴ്ച, മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും - വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ജൂൺ 12 വ്യാഴാഴ്ച അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എ.ഐ 171 വിമാനം തകർന്നുവീണതിന്റെ കാരണങ്ങൾ പരിശോധിക്കുന്നതിനുള്ള സർക്കാരിന്റെ ഉന്നതതല യോഗം തിങ്കളാഴ്ച ചേരുമെന്ന് വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു മാധ്യമങ്ങളോട് പറഞ്ഞു. വിമാന അപകട അന്വേഷണ ബ്യൂറോയുടെ (എ.എ.ഐ.ബി) നേതൃത്വത്തിൽ അപകടത്തെക്കുറിച്ചുള്ള സാങ്കേതിക അന്വേഷണം ഇതിനോടകം തന്നെ പുരോഗമിക്കുന്നുണ്ടെന്ന് വ്യോമയാന സെക്രട്ടറി സമീർ കുമാർ സിൻഹ കൂട്ടിച്ചേർത്തു.

അഹ്മദാബാദിലെ ദാരുണമായ വിമാനാപകടത്തെക്കുറിച്ച് എ.എ.ഐ.ബിയുടെ അന്വേഷണം നടക്കുന്നുണ്ട്. അത് വിമാനത്തിന്റെ സാങ്കേതികവും അപകടം നടക്കാനുള്ള സാധ്യതകളെക്കുറിച്ചുമാണ് പരിശോധിക്കുന്നത്. എന്നാൽ സർക്കാരിന്റെ ഉന്നതതല സമിതി കൂടുതൽ സമഗ്രമായി അന്വേഷിക്കുമെന്നും വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും നായിഡു കൂട്ടിച്ചേർത്തു.

ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ തലവൻ. സിവിൽ ഏവിയേഷൻ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗുജറാത്ത് സർക്കാർ, ഇന്ത്യൻ വ്യോമസേന, ഇന്റലിജൻസ് ബ്യൂറോ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലെയും ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥർ കമ്മിറ്റിയിൽ ഉൾപ്പെടുന്നു. ഈ കമ്മിറ്റി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

ഇത്തരം സംഭവങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി നിലവിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്.ഒ.പികൾ) പുറപ്പെടുവിച്ച നിർദ്ദേശങ്ങളും കമ്മിറ്റി പരിശോധിക്കും. കൂടാതെ ഭാവിയിൽ ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ മാർഗനിർദേശങ്ങളും കമ്മിറ്റി നിർദ്ദേശിക്കുകയും ചെയ്യുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പറഞ്ഞു.

ബോയിങ് എന്ന അമേരിക്കൻ കമ്പനിയാണ് വിമാനം നിർമ്മിച്ചതെന്നും അത് യു.എസിൽ നിർമ്മിച്ചതായതിനാൽ യു.എസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ‌.ടി‌.എസ്‌.ബി) അന്വേഷണത്തിൽ എ‌.എ‌.ഐ‌.ബിയെ സഹായിക്കുന്നുണ്ട്. യു.കെയിലെ ഒരു എ‌.എ‌.ഐ‌.ബി സംഘവും അന്വേഷണത്തിൽ ഒപ്പമുണ്ട്.

വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എ.ഐ 171 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേർ കൊല്ലപ്പെട്ടിരുന്നു. സമീപത്തുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വിമാനം ഇടിച്ചുകയറിയതിനെത്തുടർന്ന് വിദ്യാർഥികളും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ ഡി.എൻ.എ പരിശോധന പുരോഗമിക്കുകയാണ്.

Tags:    
News Summary - Ahmedabad plane crash; High-level meeting on Monday, report to be submitted within three months - Civil Aviation Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.