അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം കുട്ടിയും കുടുംബവും
അഹ്മദാബാദ്: വയറുവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴ് വയസ്സുകാരന്‍റെ വയറ്റിൽനിന്നും ഡോക്ടർമാർ നീക്കം ചെയ്തത് മുടിക്കെട്ടും ഷൂലേസും പുല്ലും അടങ്ങിയ രോമപിണ്ഡം. മധ്യപ്രദേശിലെ അഹ്മദാബാദ് സിവിൽ ആശുപത്രിയിലാണ് സംഭവം. സങ്കീർണ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ രോമപിണ്ഡം വിജയകരമായീ നീക്കം ചെയ്തു. രത്നം സ്വദേശിയായ ശുഭം നിമാനയുടെ വയറ്റിലും ചെറുകുടലിലുമായി ഒട്ടിപ്പിടിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്.
കഴിഞ്ഞ രണ്ട് മാസമായി കുട്ടിക്ക് നിരന്തരം ഛർദ്ദിയും വയറുവേദനയും ഭാരക്കുറവും അനുഭവപ്പെട്ടിരുന്നു. സമീപത്തുളള സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഏതാണ്ട് രണ്ട് ലക്ഷം രൂപ ചെലവിട്ട് കുട്ടിയെ ചികിത്സിച്ചെങ്കിലും രോഗം മാറിയില്ല. തുടർന്നാണ് സിവിൽ ആശുപത്രിയിൽ കൊണ്ടുപോയത്. ഇവിടെനിന്നും സി.ടി. സ്കാനിങ്ങിനും എൻഡോസ്കോപ്പിക്കും വിധേയമാക്കിയപ്പോഴാണ് കുട്ടിയുടെ വയറ്റിലുളള വലിയ മുഴ ശ്രദ്ധയിൽപ്പെട്ടത്. ഇത് വയറിനും ചെറുകുടലിനും ഇടയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
ആറ് ദിവസത്തേക്ക് കുട്ടി നിരീക്ഷണത്തിൽ തുടർന്നു. ഏഴാംദിവസം നടന്ന ഡൈ ടെസ്റ്റിൽ മുഴ പൂർണമായും നീക്കിയതായി കണ്ടെത്തി.
എന്താണ് ട്രിക്കോബിസോർ
വയറ്റിലോ ചെറുകുടലിലോ മുടികൾ അടിഞ്ഞുക്കൂടി രൂപാന്തരം പ്രാപിക്കുന്ന രോമപിണ്ഡമാണ് ട്രിക്കോബിസോർ. ഇത് ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്നു. സാധാരണയായി വലിയ മാനസിക സമ്മർദം ഉളളവരിലാണ് ഈയൊരു അവസ്ഥ കാണപ്പെടാറുളളത്. ഇത് പലപ്പോഴും ട്രൈക്കോട്ടില്ലോമാനിയ, ട്രൈക്കോഫാഗിയ (മുടി തിന്നൽ) തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ട്രൈക്കോബെസോറുകളിൽ നൂൽ അല്ലെങ്കിൽ പുല്ല് പോലുള്ള ദഹിക്കാത്ത മറ്റ് വസ്തുക്കളും ഉൾപ്പെട്ടേക്കാം.
ലക്ഷണങ്ങളിൽ വയറുവേദന, ഛർദ്ദി, വയറു വീർക്കൽ, ശരീരഭാരം കുറയൽ, മലബന്ധം, കഠിനമായ കേസുകളിൽ കുടൽ തടസ്സം എന്നിവ ഉൾപ്പെടുന്നു. ചെറിയ പിണ്ഡങ്ങൾ എൻഡോസ്കോപ് വഴി നീക്കം ചെയ്യാൻ കഴിയുമെങ്കിലും വലിയവക്ക് പലപ്പോഴും ശസ്ത്രക്രിയ ആവശ്യമാണ്. മുടി/രോമം തിന്നുന്ന കുട്ടികൾക്ക് കൗൺസിലിങ്ങും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.