ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ശങ്കരാചാര്യന്മാർ തീരുമാനിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണെന്നും ബി.ജെ.പി മത രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ഭദ്രാചലത്തിലുള്ള രാമക്ഷേത്രം സന്ദർശിക്കാറുണ്ടെന്നും അയോധ്യയിലെ ക്ഷേത്രത്തിൽ നിന്ന് വ്യത്യാസമൊന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും സംഘ്പരിവാറും ചേർന്ന് പണിതീരാത്ത ക്ഷേത്രത്തിൽ 22ന് നടത്തുന്ന പ്രതിഷ്ഠ ചടങ്ങ് മതാചാരങ്ങൾക്ക് വിരുദ്ധമായതിനാലാണ് വിട്ടുനിൽക്കാൻ ആദിശങ്കരൻ സ്ഥാപിച്ച ബദരീനാഥ്, ശൃംഗേരി, ദ്വാരക, പുരി മഠങ്ങളിലെ ശങ്കരാചാര്യന്മാർ തീരുമാനിച്ചത്. സ്വാമി നിശ്ചലാനന്ദ സരസ്വതി (പുരി ഗോവർധന മഠം), സ്വാമി ഭാരതിതീർഥ (ശാരദാപീഠം, ശൃംഗേരി), സ്വാമി സദാനന്ദ സരസ്വതി (ശാരദാപീഠം, ദ്വാരക), സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി (ജ്യോതിർമഠം, ബദരീനാഥ്) എന്നിവരാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.
പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്താൻ പാടില്ലെന്നും പ്രധാനമന്ത്രിയോ മറ്റു രാഷ്ട്രീയ നേതാക്കളോ അല്ല ചടങ്ങിനെ നയിക്കേണ്ടതെന്നും പരമ്പരാഗത ക്ഷേത്ര നിർമാണ, വിഗ്രഹ പ്രതിഷ്ഠാ രീതികൾക്കും സനാതന ധർമശാസ്ത്രത്തിനും വിരുദ്ധമാണ് ചടങ്ങെന്നുമാണ് അവരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.