രാജ് താക്കറെ ഉത്തരേന്ത്യക്കാരോട് മാപ്പ് പറയണമെന്ന് രാംദാസ് അത്താവാലെ

മുംബൈ: അടുത്ത മാസം ഉത്തർപ്രദേശിലെ അയോധ്യ സന്ദർശിക്കുന്നതിന് മുമ്പ് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ ഉത്തരേന്ത്യക്കാരോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിയും ആർ.പി.ഐ (എ) നേതാവുമായ രാംദാസ് അത്താവാലെ. മഹാരാഷ്ട്രക്ക് ഒരു ബ്രാഹ്മണ മുഖ്യമന്ത്രിയെ ആവശ്യമാണെന്നും അത്താവാലെ പറഞ്ഞു.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസുമായും എൻ.സി.പിയുമായും സഖ്യമുണ്ടാക്കിയതിലൂടെ ശിവസേന ഗുരുതരമായ തെറ്റാണ് ചെയ്തത്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്നും അവർ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമുണ്ടെന്നും രാംദാസ് അത്താവാലെ കൂട്ടിച്ചേർത്തു.

നിലവിൽ ശിവസേനയുടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഒരു ബ്രാഹ്മണ സമുദായാംഗത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ റാവുസാഹേബ് ദൻവെയും നേരത്തെ പറഞ്ഞിരുന്നു. ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ ശരൺ സിങ് രാജ് താക്കറെയുടെ അയോധ്യ സന്ദർശനത്തെ എതിർക്കുകയും ഉത്തരേന്ത്യക്കാരെ അപമാനിച്ചതിന് പരസ്യമായി മാപ്പ് പറയുന്നതുവരെ ഉത്തർപ്രദേശ് നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

2008ൽ താനെക്കടുത്തുള്ള കല്യാണിൽ റെയിൽവേ പരീക്ഷയെഴുതാൻ എത്തിയ ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗാർഥികൾ ആക്രമിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടപ്പോൾ ബി.ജെ.പി അതിനെ പിന്തുണക്കുകയായിരുന്നു.

News Summary - Ahead Of Ayodhya Visit, Minister's "Apologise" Call To Raj Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.