കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയിൽ ബില്ല് അവതരിപ്പിക്കുന്നു

വ്യാപക പ്രതിഷേധത്തിനിടെ കാർഷിക ബില്ലുകൾ രാജ്യസഭയിൽ

ന്യൂഡൽഹി: പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിവാദമായ കാർഷിക ബിൽ രാജ്യസഭയിൽ. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ബില്ലിന്‍റെ ചർച്ചക്കായി നാല് മണിക്കൂറാണ് നീക്കിവെച്ചത്. ലോക്സഭയിൽ പാസായ ബില്ലുകൾ രാജ്യസഭയും കടത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.

കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്നത്. നേരത്തെ കൊണ്ടുവന്ന ഓർഡിനൻസുകൾക്ക് പകരമായാണ് പുതിയ മൂന്ന് ബില്ലുകൾ. കർഷകർക്ക് ഗുണകരമാണെന്ന് കേന്ദ്രം അവകാശപ്പെടുമ്പോൾ കാർഷിക മേഖല കുത്തകകൾക്ക് തീറെഴുതുന്ന ബില്ലുകളാണിവയെന്ന് കർഷകർ ആരോപിക്കുന്നു.

സെപ്റ്റംബർ 17ന് ബില്ലുകൾ ലോക്സഭയിൽ പാസ്സായിരുന്നു. രാജ്യസഭയിലും ബിൽ പാസ്സാക്കാമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രം. 243 അംഗ സഭയിൽ 122 വോട്ടുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം. എൻ.ഡി.എ സഖ്യത്തിന് 105 വോട്ടുകളുണ്ട്. പ്രതിപക്ഷ പാർട്ടികൾക്ക് 100ഉം. 10 എം.പിമാർ കോവിഡ് ചികിത്സയിലാണ്.

എൻ.ഡി.എ ഘടകകക്ഷിയായ അകാലി ദൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും. ബില്ലിൽ പ്രതിഷേധിച്ച് അകാലി ദളിന്‍റെ കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.