സൗരവ് ഭരദ്വാജ്

കോൺഗ്രസിന് പിന്നാലെ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആം ആദ്മി പാർട്ടിയും: കെജ്‌രിവാളിന്റെ നാമനിർദേശ പത്രിക റദ്ദാക്കി; അവകാശവാദം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി

ഞങ്ങളുടെ വോട്ടുകൾ കൊണ്ടാണ് അടുത്ത സർക്കാർ നിലവിൽ വരുക എന്ന പ്രതീക്ഷയോടെയാണ് ഓരോ വോട്ടറും വരിയിൽനിന്ന് വോട്ട് ചെയ്യുന്നത് എന്നാൽ അവർക്കറിയില്ലല്ലോ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ഒത്തുകളിച്ചാണ് ഫലങ്ങൾ തീരുമാനിക്കുന്നതെന്ന് വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ സൗരഭ് ഭരദ്വാജ് ഡൽഹി തെരഞ്ഞെടുപ്പിലെ വോട്ടുമോഷണത്തെ കുറിച്ച് വെളിപ്പെടുത്തിയ വാർത്താസമ്മേളനം തുടങ്ങിയതിങ്ങനെയാണ്.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടുമോഷണ ആരോപണങ്ങൾക്ക് പിറകെ ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് കമീഷനെതിരെ ശക്തമായ ആരോപണവുമായെത്തിയിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ ന്യൂഡൽഹി മണ്ഡലത്തിൽ വൻതോതിലുള്ള വോട്ട് വെട്ടിനിരത്തൽ നടന്നതായി ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. ആം ആദ്മി പാർട്ടി (എഎപി) ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷനെതിരെ ഗുരുതരമായ വോട്ട് മോഷണ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

2020 ൽ ന്യൂഡൽഹി മണ്ഡലത്തിൽ 1.48 ലക്ഷം വോട്ടർമാരുണ്ടായിരുന്നുവെന്നും 2025 ൽ ഇത് 1.06 ലക്ഷമായി കുറഞ്ഞുവെന്നും ഭരദ്വാജ് പറഞ്ഞു. ഏകദേശം 42,000 വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായി. 2025 ജനുവരി 5 ന് അന്നത്തെ ഡൽഹി മുഖ്യമന്ത്രി അതിഷി അന്നത്തെ  മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന രാജീവ് കുമാറിന് ഈ വിഷയത്തിൽ പരാതി നൽകി.

2024 ഒക്ടോബർ 29 നും ഡിസംബർ 15 നും ഇടയിൽ വോട്ട് നീക്കം ചെയ്യുന്നതിനായി 6,166 അപേക്ഷകൾ ലഭിച്ചതായി ആം ആദ്മി നേതാവ് അതിഷി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇതിൽ തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമായ നടപടിയൊന്നും സ്വീകരിച്ചില്ല. വിവരാവകാശം (ആർടിഐ) വഴി വിവരങ്ങൾ തേടിയപ്പോൾ, അത് വ്യക്തിഗത വിവരമാണെന്ന് ചൂണ്ടിക്കാട്ടി കമീഷൻ അത് നൽകാൻ വിസമ്മതിച്ചു.തെരഞ്ഞെടുപ്പ് കമീഷൻ ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾ നിരസിക്കുകയായിരുന്നു. ന്യൂഡൽഹി സീറ്റിൽ അരവിന്ദ് കെജ്‌രിവാൾ ബി.ജെ.പി സ്ഥാനാർഥിയായ പർവേശ് വർമയെയാണ് തെരഞ്ഞെടുപ്പിൽ നേരിട്ടതെങ്കിലും, മുൻ മുഖ്യമന്ത്രിയെ 36,000 വോട്ടുകൾക്ക് വർമ പരാജയപ്പെടുത്തി.സൗരഭ് ഭരദ്വാജിന്റെ ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ എക്സിലെ ഒരു പോസ്റ്റിൽ 2025 ജനുവരി 13ന്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ റിപ്പോർട്ട് ഉൾപ്പെടെ 76 പേജുള്ള വിശദമായ മറുപടി അന്നത്തെ ഡൽഹി മുഖ്യമന്ത്രി അതിഷിക്ക് തെരഞ്ഞെടുപ്പ് കമീഷൻ അയച്ചിരുന്നതായി വ്യക്തമാക്കി.

2025 ജനുവരി 13-ന് കമീഷന്റെ കത്ത് അനുസരിച്ച്, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകളിൽ വർധനവുണ്ടെന്ന് അറിയിച്ച് അതിഷി 2025 ജനുവരി അഞ്ചിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്തെഴുതിയിരുന്നു. കമീഷൻ ഡൽഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു, അദ്ദേഹം വസ്തുതകൾ പരിശോധിച്ചു വരികയാണെന്ന് പറഞ്ഞു.

ആം ആദ്മി പാർട്ടിക്ക് മുന്നോടിയായി, മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷനെതിരെ ‘വോട്ട് മോഷണം’ എന്ന വിഷയത്തിൽ പുതിയ ആരോപണം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കാവൽക്കാരൻ ഉണർന്നിരുന്നുവെന്നും മോഷണം കണ്ടുവെന്നും കള്ളന്മാരെ സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പുലർച്ചെ നാലിന് ഉണരുക, 36 സെക്കൻഡിനുള്ളിൽ രണ്ട് വോട്ടർമാരെ ഇല്ലാതാക്കുക, തുടർന്ന് ഉറങ്ങുക - വോട്ട് മോഷണം സംഭവിക്കുന്നത് ഇങ്ങനെയാണ്. തിരഞ്ഞെടുപ്പ് കാവൽക്കാരൻ ഉണർന്നിരുന്നു, മോഷണം കണ്ടു, കള്ളന്മാരെ സംരക്ഷിച്ചു എന്ന് അദ്ദേഹം എഴുതി.വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനായി വ്യാജ ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും പലർക്കും അതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും രാഹുൽ അവകാശപ്പെടുകയായിരുന്നു.

Tags:    
News Summary - After Congress, Aam Aadmi Party also opposes Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.