താലിബാൻ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസി ഇന്ത്യയിൽ; ലക്ഷ്യം വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്തൽ

ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രിയും താലിബാൻ നേതാവുമായ ആമിർ ഖാൻ മുത്തഖിയുടെ സന്ദർശനത്തിന് പിന്നാലെ അഫ്ഗാൻ വാണിജ്യ മന്ത്രി ഇന്ത്യയിൽ. ഔദ്യോഗിക സന്ദർശനത്തിനെത്തിയ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസിക്ക് ഇന്ത്യൻ അധികൃതർ വൻവരവേൽപ്പ് നൽകി.

ഇന്ത്യ-അഫ്ഗാൻ ഉഭയകക്ഷി വ്യാപാര, നിക്ഷേപ ഉടമ്പടികളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നതാണ് സന്ദർശനത്തിന്‍റെ പ്രത്യേകതയെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‍സ്വാൾ എക്സിൽ കുറിച്ചു.

അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രി എത്തിയിട്ടുള്ളത്. ഇന്ത്യൻ ഇന്‍റർനാഷണൽ ട്രേഡ് ഫെയർ- 2025 (ഐ.ഐ.ടി.എഫ്) അസീസി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. വ്യാപാര, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതരുമായി അസീസി ചർച്ചകൾ നടത്തും. 2021 ആഗസ്റ്റിൽ അഫ്ഗാനിൽ അധികാരം പിടിച്ച ശേഷം നടത്തുന്ന ഉന്നതതല സന്ദർശനമാണ് അസീസിയുടേത്.

2025 ഒക്ടോബറിൽ ആറു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അഫ്ഗാൻ വിദേശകാര്യ മന്ത്രിയും താലിബാൻ നേതാവുമായ ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തിയിരുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്താൻ മുത്തഖിയുടെ സന്ദർശനത്തോടെ സാധിച്ചു. തുടർന്ന് സാമ്പത്തിക മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട ഉന്നത വ്യാപാര സമിതിക്ക് രൂപം നൽകാൻ ഇന്ത്യയും അഫ്ഗാനും കരാറിൽ ഏർപ്പെട്ടിരുന്നു.

ധാതുക്കൾ, ഊർജം എന്നീ മേഖലകളിൽ ഇന്ത്യക്ക് നിക്ഷേപത്തിനും ഖനനത്തിനും അഫ്ഗാൻ അനുമതി നൽകിയിട്ടുണ്ട്. മുത്തഖിയുടെ സന്ദർശനത്തിന് പിന്നാലെ സാങ്കേതിക ആവശ്യങ്ങൾക്ക് മാത്രമായി പ്രവർത്തിച്ചിരുന്ന കാബൂളിലെ എംബസി പൂർവസ്ഥിതിയിലേക്ക് മാറ്റുകയുമുണ്ടായി.

നേരത്തെ, സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കാനായിരുന്നു മുത്തഖിയുടെ തീരുമാനം. എന്നാൽ, യു.എൻ അനുമതി വൈകിയതിനാൽ യാത്ര മാറ്റി​വെക്കുകയായിരുന്നു. 2021 ആഗസ്റ്റിൽ അഫ്ഗാനിൽ ഭരണത്തിലേറിയ ശേഷം താലിബാൻ മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയായിരുന്നു മുത്തഖിയുടേത്.

താലിബാൻ ഭരണകൂടവുമായി ഇന്ത്യ കൂടുതൽ അടുക്കുന്നതായിരുന്നു മുത്തഖിയുടെ സന്ദർശനം. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി മേയ് മാസത്തിൽ ഇദ്ദേഹം സംഭാഷണം നടത്തുകയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ജനുവരിയിൽ ദുബൈയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടാതെ, ഏപ്രിൽ അവസാന വാരത്തിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശിനെ ഇന്ത്യ കാബൂളിലേക്ക് അയക്കുകയും ചെയ്തു.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് പിന്നാലെയാണ് മേയ് 15ന് ജയ്ശങ്കർ മുത്തഖിയുമായി സംഭാഷണം നടത്തിയത്. പഹൽഗാം ആക്രമണത്തെ മുത്തഖി അപലപിച്ചതിനെ അദ്ദേഹം അഭിനന്ദിക്കുകയും ഇന്ത്യ- അഫ്ഗാൻ ബന്ധം വഷളാക്കുന്ന തരത്തിലുള്ള തെറ്റായ റിപ്പോർട്ടുകൾ താലിബാൻ തള്ളിക്കളഞ്ഞതിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

Tags:    
News Summary - Afghan Commerce Minister Azizi arrives in India for official visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.