കുട്ടികളെ 'സൂപ്പർമാനാ'ക്കുന്ന പരസ്യം ചെയ്താൽ പിടിവീഴും

ന്യൂഡൽഹി: കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അപകർഷബോധം ജനിപ്പിക്കുന്നതുമായ പരസ്യങ്ങൾക്കു പൂട്ടിടാൻ കർശന മാർഗനിർദേശങ്ങളുമായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ആരോഗ്യ-പോഷക നേട്ടങ്ങളെക്കുറിച്ചുള്ള വ്യാജ വാദങ്ങളും സമ്മാനവാഗ്ദാനങ്ങളും നൽകുന്നതും സ്വന്തം ശരീരത്തെക്കുറിച്ച് കുട്ടികളിൽ അപകർഷബോധം സൃഷ്ടിക്കുന്നതുമായ പരസ്യങ്ങളെ നിയന്ത്രിക്കാനാണ് സർക്കാർ വിശദമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത്.

ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശത്തിൽ, കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട് 19 നിബന്ധനകളാണുള്ളത്. ഇവ വെള്ളിയാഴ്ച മുതൽ നിലവിൽ വന്നു. ഇതിന്റെ ലംഘനത്തെ കേന്ദ്ര ഉപഭോക്തൃസംരക്ഷണ നിയമം വഴി നേരിടും. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് തടയിടാൻ വനിത-ശിശുവികസ മന്ത്രാലയം നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ വിശദ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് വെള്ളിയാഴ്ച അറിയിച്ചു.

അംഗീകൃത ഏജൻസി സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്ത ആരോഗ്യ-പോഷകഗുണങ്ങൾ തങ്ങളുടെ ഉൽപന്നത്തിന്/സേവനത്തിന് അവകാശപ്പെടുന്ന പരസ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവയെന്ന് കണക്കാക്കും. ശരീരത്തെക്കുറിച്ച് മോശം കാഴ്ചപ്പാട് സൃഷ്ടിക്കുന്നതോ കുട്ടികൾ സാധാരണ കഴിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദത്തമോ പരമ്പരാഗതമോ ആയ ഭക്ഷണങ്ങളേക്കാൾ മികച്ചവയാണെന്ന തോന്നലുണ്ടാക്കുന്നതോ ആയ പരസ്യങ്ങൾ ചട്ടവിരുദ്ധമാണ്.

കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ശീലങ്ങളെ പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല. ബുദ്ധിശക്തിയും ശാരീരിക ശക്തിയും വർധിക്കുമെന്ന് ശാസ്ത്രീയ തെളിവോ അംഗീകൃത സാക്ഷ്യപ്പെടുത്തലോ ഇല്ലാതെ പരസ്യം ചെയ്യാൻ പാടില്ല. ആവശ്യമില്ലാത്തതോ യുക്തിസഹമല്ലാത്ത ഉപഭോക്തൃ ശീലം വർധിപ്പിക്കുന്നതോ ആയ സമ്മാനങ്ങൾ നൽകി കുട്ടികളെക്കൊണ്ട് ഉൽപന്ന-സേവനങ്ങൾ വാങ്ങിപ്പിക്കരുത്. ജീവകാരുണ്യ അഭ്യർഥനകളിൽ കുട്ടിത്തം ചൂഷണംചെയ്യുംവിധമുള്ള പരസ്യങ്ങൾ പാടില്ല എന്നു തുടങ്ങി നിരവധി പുതിയ മാർഗനിർദേശങ്ങളാണ് ഇതിലുള്ളത്. ഇതിനുപുറമെ, പ്രലോഭന പരസ്യങ്ങൾ, പരോക്ഷ പരസ്യങ്ങൾ, സൗജന്യ വാഗ്ദാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടും പുതിയ മാർഗനിർദേശത്തിൽ വിശദീകരണങ്ങളുണ്ട്.

Tags:    
News Summary - Advertising that makes children ‘superman’ will be punished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.