തടവുകാരില്‍ മൂന്നില്‍ രണ്ടു പേരും ദുര്‍ബല–പിന്നാക്ക വിഭാഗക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളിലെ തടവുകാരില്‍ മൂന്നില്‍ രണ്ടും ദുര്‍ബല-പിന്നാക്ക വിഭാഗക്കാരെന്ന് പഠനം. പട്ടികജാതി-വര്‍ഗത്തിലോ ന്യൂനപക്ഷ വിഭാഗങ്ങളിലോ ഉള്ളവരോ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരോ ആണ് മിക്കവരുമെന്ന് സര്‍ക്കാര്‍ സര്‍വേയിലാണ് വെളിപ്പെട്ടത്. സാമ്പത്തികമായും പിന്നാക്കമാണ് ഇവര്‍. തടവുകാരില്‍ 95 ശതമാനവും പുരുഷന്മാരാണ്. പത്താം ക്ളാസില്‍ കുറവ് വിദ്യാഭ്യാസമുള്ളവരാണ് ഏറെയും. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഏറെയും. ജയിലുകളിലെ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്നത് ഛത്തിസ്ഗഢ്, ദാദ്ര-നാഗര്‍ഹവേലി, ഡല്‍ഹി എന്നിവിടങ്ങളിലാണ്. ആകെ 4,19,623 തടവുകാരില്‍ 67 ശതമാനവും വിചാരണ കാത്ത് കഴിയുന്നവരാണ്. അഞ്ചു വര്‍ഷത്തിലേറെ വിചാരണ കാത്തു കഴിയുന്നവരും ഉണ്ട്. 32 ശതമാനം തടവുകാരെയാണ് കുറ്റക്കാരെന്നു കണ്ടത്തെിയത്. കേരളത്തില്‍ 62 ശതമാനം വിചാരണത്തടവുകാരുണ്ട്. 

ബിഹാറിലെ ജയിലുകളില്‍ 82.4 ശതമാനവും വിചാരണത്തടവുകാരാണ്. അഞ്ചു തടവുകാരുണ്ടെങ്കില്‍ അതിലൊന്ന് മുസ്ലിം ആണ്. കസ്റ്റഡിയിലുള്ളവരില്‍ 23 ശതമാനവും വിചാരണത്തടവുകാരില്‍ 21 ശതമാനവും മുസ്ലിംകളാണ്. കുറ്റക്കാരെന്നു വിധിക്കപ്പെട്ട് തടവനുഭവിക്കുന്ന മുസ്ലിംകള്‍ 16 ശതമാനം മാത്രമാണ്. ലക്ഷദ്വീപിലാണ് ഏറ്റവും കുറവ് തടവുകാര്‍ -24 പേര്‍. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട തെളിവുകള്‍ക്ക് അടിവരയിടുന്നതാണ് പുതിയ സര്‍വേ ഫലം.

കേരളത്തില്‍ 7100 പുരുഷ തടവുകാരും 219 സ്ത്രീത്തടവുകാരുമാണുള്ളത്. മെച്ചപ്പെട്ട ജയില്‍ സൗകര്യങ്ങളാണ് സംസ്ഥാനത്ത് എന്നാണ് കണക്ക്. ഇവിടെ 499 പേരാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, യു.പി, പുതുച്ചേരി, ദാമന്‍-ദിയു, ഛത്തിസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിലെ തടവുകാരില്‍ 70 ശതമാനത്തോളം പേരും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ്.

Tags:    
News Summary - adivasi, indian jail,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.