അദാനി ഇന്ത്യയിൽ വിൽക്കുന്നത് നിലവാരം കുറഞ്ഞ കൽക്കരി; അതും മൂന്നിരട്ടി വിലക്ക് -റിപ്പോർട്ട് പുറത്തുവിട്ട് ഫിനാൻഷ്യൽ ടൈംസ്

ന്യൂ​ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഇറക്കു മതി സ്ഥാപനവും സ്വകാര്യ ഉൽപ്പാദകരുമായ അദാനി ഗ്രൂപ്പ് മികച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നിരട്ടി കൊള്ളലാഭത്തിന് പൊതുമേഖല കമ്പനികൾക്ക് വിറ്റഴിക്കുന്നത് നിലവാരം കുറഞ്ഞ കൽക്കരിയാണെന്ന് റിപ്പോർട്ട്.

തെളിവുകൾ മുൻനിർത്തി ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അദാനിയുടെ അഴിമതി സാധൂകരിക്കുന്ന തെളിവുകൾ ഇന്ത്യൻ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റി​പ്പോർട്ടിങ് പ്രോജക്ട് സമാഹരിച്ചത്. അവർ വിവരങ്ങൾ ഫിനാൻഷ്യൽ ടൈംസിന് കൈമാറുകയായിരുന്നു.

അദാനിയുടെ കൽക്കരി ഇടപാടിനെ കുറിച്ച് നിരന്തരം പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചിട്ടും കേന്ദ്രസർക്കാർ ചെറു വിരൽ പോലും അനക്കിയിട്ടില്ല. 2014 ജനുവരിയിൽ അദാനി ഒരു കിലോഗ്രാമിന് 3500 കലോറി ലഭിക്കുന്ന ഇന്തോനേഷ്യൻ കൽക്കരി വാങ്ങി തമിഴ്നാട്ടിലെ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിക്ക് 6000 കലോറി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിൽപ്പന നടത്തി. ഈ ഇടപാടിലൂടെ ചെറിയ ഗതാഗതച്ചെലവ് ഒഴിച്ചു നിർത്തിയാൽ അദാനിക്ക് ലഭിച്ചത് വൻ ലാഭമാണ്.

 സാധാരണ ഗതിയിൽ വൈദ്യുതി ഉൽപ്പാദനത്തിനായി കത്തിക്കുമ്പോൾ ഏറ്റവും കുറഞ്ഞ അളവിൽ ദോഷകരമായ വാതകങ്ങൾ പുറത്തുവിടുന്ന രീതിയിൽ ശുദ്ധീകരിക്കപ്പെട്ട കൽക്കരിയാണ് വിൽക്കുന്നതെന്നും അദാനി ഗ്രൂപ് കബളിപ്പിച്ചിട്ടുണ്ട്. ദ ലാൻസെറ്റിൽ 2022ൽ നടത്തിയ ഒരു പഠനമനുസരിച്ച് ഇന്ത്യയിൽ ഓരോ വർഷവും 2 മില്യണിലധികം ആളുകൾ ഔട്ട്ഡോർ വായു മലിനീകരണം മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. കൽക്കരിയിൽ പ്രവർത്തിക്കുന്ന ഊർജ പ്ലാൻറുകൾക്ക് സമീപം താമസിക്കുന്ന കുട്ടികളുടെ മരണനിരക്ക് ഉയരുന്നതായും പഠനമുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിക്കുന്നതും കൽക്കരി ഉപയോഗിച്ചുള്ള ഊർജ പ്ലാന്റുകളിൽ നിന്നാണ്. 2014ൽ ഇന്തോനേഷ്യയിൽ കപ്പൽമാർഗം കൽക്കരി കൊണ്ടുവന്നതിന്റെ തെളിവുകളും ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ടിട്ടുണ്ട്. കുറഞ്ഞ വിലക്ക് ഇന്തോനേഷ്യയിലെ നിലവാരമില്ലാത്ത കൽക്കരിയാണ് അദാനി ഇന്ത്യയിൽ മറിച്ചുവിറ്റ് കോടികൾ സമ്പാദിച്ചത്. ഉയർന്ന നിലവാരമുള്ള കൽക്കരിയെന്ന് പറഞ്ഞുപറ്റിച്ച് കൂടുതൽ ദക്ഷിണേന്ത്യയിലായിരുന്നു വിൽപന. 2014 ജനുവരി ഒമ്പതിന് ഇന്തോനേഷ്യയിൽ നിന്ന് 14 ദിവസത്തെയാത്രക്കു ശേഷമാണ് എം.വി കല്ലിയോപി എൽ എന്ന കപ്പൽ ചെന്നൈയിലെ എന്നൂർ തുറമുഖത്ത് നങ്കൂരമിട്ടത്. ആ കപ്പലിലെ 69,925 മെട്രിക് ടൺ കൽക്കരിയും തമിഴ്നാട്ടിലെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനിയിലേക്കായിരുന്നു. ഇന്തോനേഷ്യയിൽ നിന്ന് സിംഗപ്പൂർ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ വഴിയാണ് ഈ കപ്പൽ ചെന്നൈയിലെത്തിയത്. അപ്പോഴേക്കും മെട്രിക് ടണ്ണിന് 91.91 ഡോളറായി കൽക്കരിയുടെ വില. അതും നിലവാരം കുറഞ്ഞത്.

ജോണ്‍ലിന്‍ എന്ന സ്ഥാപനത്തിന്റെ രേഖകള്‍ പ്രകാരം അദാനി ഗ്രൂപ്പിന്റെ ഇടനിലക്കാരനായ സുപ്രിം യൂനിയന്‍ ഇന്‍വെസ്റ്റേഴ്‌സ് ആണ് ടാന്‍ഗെഡ്‌കോ തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോർപറേഷന്‍) അദാനി ഗ്രൂപ്പില്‍ നിന്ന് വാങ്ങിയതായി രേഖപ്പെടുത്തിയിരിക്കുന്ന 24 കാര്‍ഗോകള്‍ വാങ്ങിയിരിക്കുന്നത്. ടണ്ണിന് ശരാശരി 28 ഡോളര്‍ എന്നതായിരുന്നു ഇതിന്റെ നിരക്ക്. തമിഴ്‌നാട് ആവശ്യപ്പെട്ട ആറായിരം കെ.സി.എ.എല്‍ മൂല്യമുള്ള കല്‍ക്കരിയുടെ നിരക്കല്ല ഇത്. മറിച്ച് ഗുണനിലവാരം കുറഞ്ഞ 3500 കെ.സി.എ.എല്‍ കലോറി മൂല്യമുള്ള കല്‍ക്കരിയുടെ വിലയാണ്.

ഇത്തരത്തിൽ നിലവാരമില്ലാത്ത കൽക്കരിയുമായി 25കപ്പലുകളെങ്കിലും തമിഴ്നാട് തീരത്ത് എത്തിയിട്ടുണ്ട്. അതിന് ഈടാക്കിയത് വൻ തുകയും. അതേസമയം ആരോപണങ്ങൾ അദാനി ഗ്രൂപ് നിഷേധിച്ചിട്ടുണ്ട്. നിയമങ്ങൾ പാലിച്ചാണ് തങ്ങളുടെ ഇടപാടുകളെന്നും കമ്പനി വ്യക്തമാക്കി.

Tags:    
News Summary - Adani suspected of fraud by selling low-grade coal as high-value fuel: Financial Times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.