അഹ്മദാബാദ്: മോദിസർക്കാറിെൻറ അടുപ്പക്കാരനായ വ്യവസായപ്രമുഖൻ ഗൗതം അദാനിക്ക് മാനനഷ്ടമുണ്ടാക്കിയെന്ന കേസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ പരൻജോയ് ഗുഹ താകുർത്തക്കെതിരെ ഗുജറാത്ത് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഗുജറാത്ത് കച്ചിലെ മുന്ദ്ര കോടതി ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രദീപ് സോനിയാണ് ഡൽഹി നിസാമുദ്ദീൻ പൊലീസിന് നിർദേശം നൽകിയത്. എന്നാൽ, മാധ്യമങ്ങളിലൂടെ അറിഞ്ഞതല്ലാതെ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ ആനന്ദ് യാഗ്നിക്ക് അറിയിച്ചു.
പ്രത്യേക സാമ്പത്തിക മേഖലാ നിയമ ഭേദഗതി വഴി മോദി സർക്കാർ അദാനി ഗ്രൂപ്പിന് 500 കോടി രൂപയുടെ വഴിവിട്ട ലാഭമുണ്ടാക്കിക്കൊടുത്തുവെന്ന് വ്യക്തമാക്കി ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി (ഇ.പി.ഡബ്ല്യു) പത്രാധിപനായിരിക്കെ 2017ൽ താകുർത്ത മൂന്ന് മാധ്യമ പ്രവർത്തകരോടൊപ്പം ചേർന്നെഴുതിയ ലേഖനമാണ് കേസിന് ഹേതു. അദാനിയുടെ നോട്ടിസിനെ തുടർന്ന് ലേഖനം ഇ.പി. ഡബ്ല്യു വെബ്സൈറ്റിൽനിന്ന് നീക്കിയതോടെ താകുർത്ത പത്രാധിപ പദമൊഴിയുകയും ചെയ്തു.
ലേഖനം ദി വയർ വെബ്സൈറ്റ് പുനഃപ്രസിദ്ധീകരിച്ചു. ദി വയറിനും താകുർത്തക്കുമെതിരെ കേസുമായി നീങ്ങിയ അദാനി ഗ്രൂപ്പ് മറ്റുള്ളവർക്കെതിരെയുള്ള പരാതികൾ പിൻവലിക്കുകയും താകുർത്തക്കെതിരെ നിയമനടപടി തുടരുകയുമായിരുന്നു. ന്യൂസ്ക്ലിക്ക് വെബ്സൈറ്റിൽ എഴുതിയ മറ്റു ചില ലേഖനങ്ങളുടെ പേരിലും അദാനി ഇദ്ദേഹത്തിനെതിരെ കേസ് നൽകിയിട്ടുണ്ട്.
കോടതി നടപടിയെ അപലപിച്ച എഡിറ്റേഴ്സ് ഗിൽഡ് മാധ്യമങ്ങൾ നടത്തുന്ന അന്വേഷണങ്ങൾ തടയാൻ വൻകിട വ്യവസായ ഗ്രൂപ്പുകൾ നടത്തുന്ന ഭയപ്പെടുത്തൽ തന്ത്രമാണിതെന്ന് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.