നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാറിന്‍റെ ഓഫിസ് സെക്രട്ടറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷിയെ മൊഴിമാറ്റി പറയാനായി ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാറിന്‍റെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാർ. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇയാൾ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയാണെന്ന് തിരിച്ചറിഞ്ഞത്. കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായി വിപിന്‍ലാലിനെ തേടി പ്രദീപ് കുമാര്‍ ബേക്കലിലെത്തിയിരുന്നു.

വിപിൻലാലിന്‍റെ അമ്മാവൻ ജോലി ചെയ്യുന്ന കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. അമ്മാവന്‍റെ കടയിലെത്തി ഇയാൾ വിലകൂടിയ വാച്ച് വാങ്ങിയിരുന്നു. അമ്മാവനുമായി മൊഴി മാറ്റി പറയുന്ന കാര്യം സംസാരിക്കുകയും ചെയ്തു. വിപിന്‍റെ വീട്ടിലെത്തി അമ്മയോടും ഇയാൾ സംസാരിച്ചിട്ടുണ്ട്. പത്തനാപുരത്തുനിന്നും ബേക്കലിലെത്തി ഇയാൾ താമസിച്ച ഹോട്ടൽ മുറിയിലെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മൊഴി മാറ്റാൻ തയാറാവാതിരുന്ന വിപിനെ പ്രദീപ് കുമാർ പല തവണ വിളിച്ചും കത്തെഴുതിയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴിമാറ്റാനായി വൻഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 

കേസിൽ മൊഴി മാറ്റാൻ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് വിപിൻ ലാൽ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 

നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി ജയിലിൽനിന്നു കത്തയച്ചത് വിപിൻ ലാൽ ആണ്.  വിപിൻ ലാലിന്‍റെ മൊഴികൾ നടനെതിരായ തെളിവുകളിൽ നിർണായകമായതിനാലാണ് മൊഴി മാറ്റാൻ ശ്രമം നടന്നത്. 

വിചാരണ വേളയിൽ നടൻ സിദ്ദിഖ്, നടി ഭാമ എന്നിവർ ഉൾപ്പടെ പലരും മൊഴി മാറ്റിയത് പ്രതി സ്ഥാനത്തുള്ളവരുടെ സമ്മർദ്ദത്താലാണെന്ന് അന്നുതന്നെ പരാതി ഉയർന്നിരുന്നു. ഡബ്ലിയു.സി.സി അടക്കം നിരവധി പേർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.