ഹുമ ഖുറേഷി, കൊല്ലപ്പെട്ട ആസിഫ് ഖുറേഷി
ന്യൂഡൽഹി: വീടിന് മുന്നിലെ വഴിമുടക്കി നിർത്തിയിട്ട സ്കൂട്ടറിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ബോളിവുഡ് താരം ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയിൽ ഡൽഹി നിസാമുദ്ദീനിലെ വീട്ടിന് മുന്നിൽ നടന്ന തർക്കത്തിനിടെയാണ് അക്രമികൾ മൂർച്ചുള്ള ആയുധം ഉപയോഗിച്ച് ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷി (38)യെ ആക്രമിച്ചത്. വീട്ടിലേക്കുള്ള വഴിമുടക്കി നിർത്തിയിട്ട സ്കൂട്ടർ മാറ്റാൻ ആസിഫ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിക്കുന്നത്. വാക്കുതർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോൾ ആയുധം ഉപയോഗിച്ച് സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ഹുമ ഖുറേഷിയുടെ പിതാവ് സലിം ഖുറേഷി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകാതെ മരിച്ചു. രാത്രി 11 മണിയോടെയായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഗൗതം, ഉജ്വൽ എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. ഉജ്വലായിരുന്നു ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പറഞ്ഞു.
സംഘവുമായി നേരത്തെയും പാർക്കിങ്ങിനെ ചൊല്ലി തർക്കമുണ്ടായതായും, വ്യാഴാഴ്ച രാത്രിയോടെ സംഘർഷം സൃഷ്ടിക്കാനായി വീണ്ടും വീടിന് മുന്നിലെത്തി ഇരുചക്ര വാഹനം നിർത്തിയിട്ട് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും ആസിഫ് ഖുറേഷിയുടെ ഭാര്യ സൈനാസ് പറഞ്ഞു. വാഹനം നീക്കാൻ ആവശ്യപ്പെട്ടപ്പോൾ തെറി വിളിക്കുകയും ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.