ന്യൂഡൽഹി: നിയമസഭാ സ്ഥാനാർഥിത്വത്തിനായി ഉന്നത കോൺഗ്രസ് നേതാക്കൾ വൻതുക തട്ടിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ശ്രദ്ധ ക്ഷണിച്ച് സി.പി.ഐ രാജ്യസഭാ കക്ഷി നേതാവ് പി. സന്തോഷ് കുമാർ എം.പിയുടെ കത്ത്. ന്യൂഡൽഹി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും അദ്ദേഹത്തിന്റെ പി.എക്കും കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിനും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പി.എക്കുമെതിരെ 0011/2026 നമ്പറിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്ന് സന്തോഷ് കുമാർ കുമാർ വ്യക്തമാക്കി.
എഫ്.ഐ.ആറിൽ പേരുള്ളവരാരും കോൺഗ്രസിന്റെ ഉപരിമണ്ഡലത്തിലുള്ള വ്യക്തികളല്ലെന്നും പാർട്ടിയുടെ അകത്തളങ്ങളിലുള്ളവരും വ്യക്തിപരമായി രാഹുൽ ഗാന്ധിയോട് ഏറ്റവും അടുപ്പമുള്ള നേതാക്കളാണെന്നും സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. സമാനമായ ആരോപണവുമായി ഉത്തർപ്രദേശ്, ബിഹാർ, അസ്സം എന്നിവിടങ്ങളിൽ നിന്നുമുയർന്നിരുന്നതിനാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവിലും വിനിയോഗത്തിലും ഏറെ സംശയങ്ങളുയർന്നിട്ടുണ്ട്. അതിനാൽ എഫ്.ഐ.ആറിൽ പേരു വന്ന രാഹുലുമായി ഏറെ അടുപ്പമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി വേണമെന്നും കോൺഗ്രസിന്റെ ചൂരൽമല-മുണ്ടക്കൈ ഫണ്ടിൽ സുതാര്യത ഉറപ്പുവരുത്തണമെന്നും സന്തോഷ് കുമാർ രാഹുലിനോട് ആവശ്യപ്പെട്ടു.
വിശ്വസ്തരും പൊതുജീവിതത്തിൽ തത്വങ്ങൾ പുലർത്തുന്നവരും രാജ്യമൊട്ടുക്കും അംഗീകാരവുമുള്ള ഇടതുപക്ഷത്തിനെതിരെ കേരളത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കത്തെഴുതാൻ നിർബന്ധിതനായതെന്ന് സന്തോഷ് കുമാർ കത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.